കൊവിഡ് 19 പ്രതിരോധം: സമ്പര്‍ക്കത്തിനെതിരേ കടുത്ത നടപടിയുമായി സൗദി
ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒന്നിച്ചു ചേരല്‍ നിയമ ലംഘനമായിരിക്കും.
ദമ്മാം: കൊവിഡ് 19 വ്യാപനം തടയുന്നതിനു ജനങ്ങള്‍ അകലം പാലിക്കേണ്ട സാഹചര്യത്തില്‍ കൂടി ചേരേണ്ട പരിധി നിശ്ചയിച്ചു കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒന്നിച്ചു ചേരല്‍ നിയമ ലംഘനമായിരിക്കും. ഒരു കുടുംബത്തിന്റെ പരിധി 5 പേരായിരിക്കും. ഇത്തരത്തില്‍ പാര്‍പ്പിട ബന്ധമില്ലാത്ത നിലയില്‍ ഒരു സ്ഥലത്ത് ഒന്നിച്ചു ചേരുന്നത് നിയമ വിരുദ്ധമായിരിക്കും. ഒന്നില്‍ കുടുതല്‍ കുടുംബങ്ങള്‍ വീടുകള്‍ക്കുള്ളിലോ, വിശ്രമ കേന്ദരങ്ങളിലോ കൃഷിയിടങ്ങളിലോ ഒന്നിച്ചു ചേരാന്‍ പാടില്ല.
കുടുംബങ്ങളല്ലാത്തവരും വീടുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, കൃഷിയിടം, ടെന്റുകള്‍, പാര്‍ക്കുകകള്‍ തുടങ്ങിയിടങ്ങളില്‍ കൂടിച്ചേരല്‍ അനുവദിക്കില്ല. സ്ന്തോഷ, സന്താപ ഘട്ടങ്ങളും സിംപോസിയം പോലുള്ള പാര്‍ട്ടികളും കൂടിച്ചേരല്‍ പരിധിയില്‍ വരും.തൊഴിലാളികള്‍ വീടുകള്‍ക്കുള്ളില്‍ കൂടി ചേരല്‍ തൊഴിലാളികളുടെ കൂടിചേരലായി പരിഗണിക്കും. നിര്‍മാണത്തിലുള്ള കെട്ടിടത്തിലാലായും കൃഷിയിടം, വിശ്രമ കേന്ദരങ്ങളിലും തൊഴിലാളികള്‍ കൂടിച്ചേരല്‍ പാടില്ല.വാണിജ്യ സ്ഥാപനങ്ങളില്‍ സാമുഹ്യ അകലം പാലിക്കേണ്ട നിയമം നേരത്തെ അറിയിച്ചതിനു വിപരീതമായാല്‍ നിയമ ലംഘനമായിരിക്കും.
റോഡുകളിലും വഴികളിലും പൊതു സ്ഥലങ്ങളിലും എല്ലാ നിലക്കുള്ള കൂടിച്ചേരലും നിയമ ലംഘനമായി കണക്കാക്കും. പൊതുസ്ഥലത്തോ വീടുകളിലോ മറ്റിടങ്ങളിലോ സംഘടിക്കാനായി മറ്റൊരാളെ ക്ഷണിക്കുന്നതും നിയമ ലംഘനമാണ്.
പാര്‍പ്പിടബന്ധമില്ലാത്ത നിലയില്‍ ഒന്നു കൂടുതല്‍ കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാല്‍ ഓരോ കുടുംബത്തില്‍നിന്നും പതിനായിരം റിയാല്‍ പിഴ ഈടക്കും. ടെന്റുകളിലും വിശ്രമ കേന്ദരങ്ങളിലും ഒരു കുടുംബത്തില്‍ കൂടുതല്‍ പേര്‍ ഒന്നിച്ചു കൂടിയാല്‍ 15,000 റിയാല്‍ പിഴയീടാക്കും. ഒരു വീടിനുള്ളില്‍ തൊഴിലാളികള്‍ കൂടിച്ചേര്‍ന്നാല്‍ 50,000 റിയാലായിരിക്കും പിഴ. സ്ഥാപനങ്ങള്‍ അകലം പാലിക്കേണ്ട നിയമം ലംഘിച്ചാല്‍ ഒരാളുടെ പേരില്‍ മാത്രം അയ്യായിരം റിയാല്‍ പിഴ ഈടാക്കും. സാമുഹ്യ അകലം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ 999 എന്ന നമ്പറിലോ മക്കയില്‍ 911 എന്ന നമ്പറിലോ ബന്ധപ്പെടാന്‍ മന്ത്രാലയം നിര്‍ദേശിച്ചു