ബഹ്‌റൈനില്‍ കൊവിഡ് 19 വ്യാപിക്കുന്നു, ഇന്ന് 289 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇതില്‍ 212 പേര്‍ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2506 ആയി മാറി.
മനാമ: ബഹ്‌റൈനില്‍ കൊവിഡ് 19 വ്യാപിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ പുതുതായി 289 പേരില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 212 പേര്‍ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2506 ആയി മാറി. ഇതില്‍ 1385 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
1,113 പേര്‍ രോഗവിമുക്തരായപ്പോള്‍ ഒരിന്ത്യക്കാരന്‍ അടക്കം എട്ട് പേര്‍ മരിച്ചു.അതിനിടെ, പരിശോധനയ്ക്കു വിധേയമാക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇതുവരെയായി 1,05,365 പേരെയാണ് ബഹ്‌റൈനില്‍ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് പരിശോധിച്ചത്. കഴിഞ്ഞ ദിവസം പരിശോധനകളുടെ എണ്ണം കൂടുന്നത് കാരണം രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകാമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു. അതിനാല്‍ ആശങ്ക വേണ്ട എന്നാണ് കരുതപ്പെടുന്നത്. അതേസമയം മനാമയിലും പരിസരങ്ങളിലും ചില കെട്ടിടങ്ങളെങ്കിലും കൊറോണ ഭീഷണിയില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നും പൊസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് താമസിക്കുന്നവര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്.