കൊവിഡ്: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഘട്ട അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം നാളെ മുതല്‍ ആരംഭിക്കും
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഘട്ടപദ്ധതിയുടെ നാലാം ഘട്ടം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍, വനിതാ സലൂണുകള്‍, ഹെല്‍ത്, സ്‌പോര്‍ട്ട്ശ് സ്ഥാപനങ്ങള്‍, ബസ് സര്‍വീസുകള്‍ മുതലായവയാണ് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ഇതിനു പുറമേ റെസ്റ്റോറന്റുകളില്‍ അകത്തു നിന്നുള്ള സര്‍വീസുകളും പുനരാരംഭിക്കും. റെസ്റ്റോറന്റുകളില്‍ ഒരോ മേശകള്‍ക്കും ഇടയില്‍ 2 മീറ്റര്‍ അകലം പാലിച്ചു കൊണ്ടായിരിക്കണം സീറ്റുകള്‍ ക്രമീകരിക്കേണ്ടത്. ഓരോ മേശകളിലും അണു വിമുക്ത ലായിനി ഉണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ പ്ലേറ്റുകള്‍, സ്പൂണ്‍, കത്തി, മുള്ള്, ഗ്ലാസ് മുതലായവക്ക് പകരം ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഹാളുകളില്‍ വലിയ ജനക്കൂട്ടം കൂടി ചേരാന്‍ പാടുള്ളതല്ല. പൊതു ഗതാഗത സംവിധാനത്തിലെ പ്രധാന ശ്രോതസ്സായ ബസ് സര്‍വീസുകളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക.
സാമൂഹിക അകലം പാലിച്ചു കൊണ്ട് പരമാവധി 30 ശതമാനം യാത്രക്കാര്‍ക്ക് മാത്രമേ ബസില്‍ സീറ്റ് അനുവദിക്കുകയുള്ളൂ.എല്ലാ യാത്രക്കാരും മാസ്‌ക്, കയ്യുറ മുതലായവ ധരിക്കണം.ഡ്രൈവറുടെ സഹായമില്ലാതെ യാത്രക്കാര്‍ക്ക് ഓടോമാറ്റിക് സംവിധാനത്തിലൂടെ ടിക്കറ്റ് ലഭിക്കുന്നതായിരിക്കും. ബസില്‍ കയറുന്നതിനു മുമ്പ് ഓരോ യാത്രക്കാരെയും ശരീരോഷ്മാവ് പരിശോധനക്ക് വിധേയരാക്കും. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇടയില്‍ മറ സ്ഥാപിക്കും.ഓരോ ട്രിപ്പുകള്‍ക്ക് ശേഷവും ബസ് അണുമുക്തമാക്കും. രാത്രി 7 മണി വരെയാണു സര്‍വീസ് ഉണ്ടായിരിക്കുക.