കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ഇന്ന് മൂന്നുപേര്‍ മരിച്ചു. 692 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു. പുതുതായി രോഗം കണ്ടെത്തിയവര്‍ക്കെല്ലാം സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,267 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 640 ബാധിതര്‍ രോഗ മുക്തി നേടിയത് അടക്കം ആകെ സുഖം പ്രാപിച്ചവര്‍ 7,946 ആയി ഉയര്‍ന്നു. ദിനംപ്രതി രോഗമുക്തരുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശ്വാസമേകുന്നുണ്ട്. ഇന്നലെ 685 പേര്‍ വൈറസില്‍ നിന്ന് മുക്തി നേടിയിരുന്നു. നിലവില്‍, 15,146 പേരാണ് ചികില്‍സയിലുള്ളത്. ഇന്ന് റിപോര്‍ട്ട് ചെയ്ത 3 മരണം ഉള്‍പ്പെടെ ആകെ മരണം 175 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ കുവൈത്തികളിലാണ്. ഇന്ത്യക്കാര്‍-165, ഈജിപ്ഷ്യന്‍സ്-95, ബംഗ്ലാദേശികള്‍-94.
193 രോഗികള്‍ അത്യാഹിത വിഭാഗത്തിലാണ്. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്-197, അല്‍ അഹ്മദി-191, ജഹ്‌റ-146, ഹവല്ലി-86, ക്യാപിറ്റല്‍ സിറ്റി-72. റെസിഡന്‍ഷ്യല്‍ ഏരിയയിലെ കണക്ക്: ഫര്‍വാനിയ-58, ജലീബ്-46, അബ്ദല്ലി-51, മങ്കഫ്-45.
രാജ്യത്ത് ഇതുവരെ 2,78,945 പേരില്‍ കൊറോണ വൈറസ് പരിശോധന നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2738 പേരിലാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് 253 പേര്‍ വീടുകളിലേക്ക് പോയിട്ടുണ്ട്. ഇതില്‍ 12 കുവൈത്ത് സ്വദേശികളും 241 വിദേശികളുമാണ്.