പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന തീരുമാനം സ്വാഗതാര്‍ഹം; ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയം- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജോലി നഷ്ടപ്പെട്ടും മരണ ഭയം കൊണ്ടും സ്വന്തം കുടുംബത്തെ ഒരുനോക്കു കാണാന്‍ ഏതുവിധേനയും നാടാണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അടക്കമുള്ള പ്രവാസി സംഘടനകള്‍ പ്രക്ഷോഭ രംഗത്തായിരുന്നു.

Update: 2020-06-24 15:28 GMT

ദമ്മാം: പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹവും ഇത് ജനകീയ പ്രക്ഷോഭങ്ങളുടെ വിജയവുമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോലി നഷ്ടപ്പെട്ടും മരണ ഭയം കൊണ്ടും സ്വന്തം കുടുംബത്തെ ഒരുനോക്കു കാണാന്‍ ഏതുവിധേനയും നാടാണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക്‌മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അടക്കമുള്ള പ്രവാസി സംഘടനകള്‍ പ്രക്ഷോഭ രംഗത്തായിരുന്നു.

നിയമം ഉടന്‍ തിരുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതികളും, സാമുഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധ കാമ്പയിനുകളും, പ്രവാസലോകത്തെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാ നേതാക്കളെ ഒരുവേദിയില്‍ അണിനിരത്തി വിര്‍ച്വല്‍ മീറ്റിംഗുകളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസികളുടെ വിഷയം ഏറ്റെടുത്ത് നാട്ടില്‍ എസ്.ഡി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. സോഷ്യല്‍ ഫോറം സംഘടിപ്പിച്ച എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച്, എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കളുടെ സെക്രട്ടേറിയേറ്റിനു മുന്നിലുള്ള ഉപവാസം,

20 മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച്, കേരളത്തിലെ 4 നോര്‍ക്ക ഓഫീസുകളിലേക്ക് മാര്‍ച്ച് എന്നിവയും എസ്.ഡി.പി.ഐ സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെതിരെ നടന്ന ജനകീയ സമരങ്ങള്‍ക്കും പ്രവാസികളുടെ രോഷത്തിനും മുന്നില്‍ സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പ്രവാസികളുടെ മടങ്ങിവരവ് തടഞ്ഞ് തുടക്കം മുതല്‍ കേരള മുഖ്യ മന്ത്രിയും സര്‍ക്കാരും അവരുടെ ഇമേജ് വര്‍ദ്ധിപ്പിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പ്രവാസികളുടെ ജീവന്‍ വെച്ചുകൊണ്ടുള്ള ഈ കളി സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, ജോലി നഷ്ടപ്പെട്ടു നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രക്ഷോഭരംഗത്ത് തുടരുമെന്നും സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ കൊടുവള്ളി, ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ തൊടി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News