കൊവിഡ് വാക്‌സിനേഷന്‍: പ്രവാസികള്‍ക്ക് മുന്‍ഗണന വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി
കുവൈത്ത് സിറ്റി: യാത്രാ നിയന്ത്രണങ്ങള്‍ മൂലം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാതെ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, കുവൈത്ത് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസ് എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി. കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ മൂലം ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍, സാധുതയുള്ള റസിഡന്‍സ് വിസ ഉണ്ടായിട്ടും തങ്ങളുടെ ജോലികളില്‍ വിദേശത്ത് തിരികെ പ്രവേശിക്കാനാവാതെ നാട്ടില്‍ തങ്ങുന്ന സാഹചര്യമാണുള്ളത്. കൂടാതെ ചില രാജ്യങ്ങള്‍ ഇപ്പോള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്, അവരുടെ നാട്ടിലേക്ക് വരുന്നതിന് മുന്‍ഗണനയും ഒപ്പം ക്വാറന്റൈന്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് അവലംബിച്ചിട്ടുള്ള രീതിയനുസരിച്ച്, വാക്‌സിനേഷന്റെ രണ്ടു ഡോസുകളും പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ കഴിയേണ്ടിവരുമെന്നതിനാല്‍ ഈ അടിയന്തിര സാഹചര്യം പരിഗണിച്ച്, പ്രവാസികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ധനോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുകൂല തീരുമാനമുണ്ടാവുമെന്നും അതുവഴി പ്രവാസികള്‍ക്ക് വിദേശത്തേക്ക് വേഗത്തില്‍ മടങ്ങുന്നതിന് സാഹചര്യമുണ്ടാവുമെന്നും പ്രത്യാശിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.
Covid Vaccination: Petition filed seeking priority for expatriates