സൗദിയില്‍ 5-11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നു
ജിദ്ദ: സൗദിയില്‍ അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള കാംപയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ അനുഭവിക്കുന്ന താഴ്ന്ന താപനിലയുടെയും ശൈത്യകാല സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ ഇന്‍ഫഌവന്‍സ വാക്‌സിന്‍ കുട്ടികള്‍ക്ക് എടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
എല്ലാവരും കൊവിഡ് വാക്‌സിനുകളുടെ ആവശ്യമായ ഡോസുകള്‍ പൂര്‍ത്തിയാക്കണമെന്നും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സംബന്ധിച്ച പുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊവിഡ് കേസുകളുടെ വര്‍ധനവ് ആശങ്കാജനകമാണ്.
ലോകത്തിലെ പകുതിയോളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദം വേഗത്തില്‍ പടരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും ചെയ്യണം. സൗദിയില്‍ 48 ദശലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കി. 22.9 ദശലക്ഷത്തിലധികം ആളുകള്‍ രണ്ട് ഡോസ് എടുത്തിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.