പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണം: കലാ ദുബയ്
ദുബയ്: പ്രവാസികളില്‍നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം കേരളാ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും കലാ ദുബയ് സ്‌റ്റേറ്റ് പ്രസിഡന്റ് ടി പി അഷ്‌റഫും ജനറല്‍ സെക്രട്ടറി അഷ്‌റഫ് തലശ്ശേരിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും അതിനും ശേഷം ഏഴുദിവസം ഹോം ക്വാറന്റൈനുമാണ് നടപ്പാക്കിവരുന്നത്. ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിച്ചുവന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്തുനിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ കേരളത്തിലെ മത സ്ഥാപനങ്ങള്‍ തയ്യാറായിരുന്നു. അതിന് സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണു ചെയ്തത്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ശമ്പളം കിട്ടാതെ, സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ ടിക്കറ്റെടുത്ത് നാട്ടിലേക്ക് വരുന്ന ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും തിരിച്ചടിയാവുകയാണ് കേരള സര്‍ക്കാറിന്റെ പുതിയ തീരുമാനം.
മാസങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ആഗ്രഹിച്ച പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ക്വാറന്റൈന്‍ സെന്ററുകള്‍ വിട്ടുകൊടുക്കാന്‍ കേരളത്തിലെ മതസംഘടനകളും സ്ഥാപന ഉടമകളും തയ്യാറായിരിക്കുന്ന സമയത്താണ് മാസങ്ങളോളം ജോലിയില്ലാതെ പ്രയാസപ്പെട്ട് മറ്റുള്ളവരുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയ പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ പണം ഈടാക്കുന്നത്. ഇതില്‍നിന്ന് അടിയന്തരമായി സര്‍ക്കാര്‍ പിന്‍മാറണം. 150ല്‍ പരം പ്രവാസി മലയാളികള്‍ മരിച്ചിരിക്കേ അവരുടെ കുടുംബങ്ങള്‍ക്കും പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കൂടുതല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും കല ദുബയ് കമ്മിറ്റി അഭിപ്രായപ്പെട്ടു.