'വീട്ടുവേലക്കാര്‍' വിളി വേണ്ട; ഗാര്‍ഹികത്തൊഴിലാളികള്‍ എന്ന പ്രയോഗം മതിയെന്ന് കുവൈത്ത് പാര്‍ലമെന്റ്
കുവൈത്ത് സിറ്റി: വീട്ടുവേലക്കാര്‍ (സെര്‍വന്റ്) എന്ന സംബോധന ഒഴിവാക്കാനുള്ള കരട് ബില്ലിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കി. വീട്ടുവേലക്കാര്‍ എന്നതിന് പകരം ഗാര്‍ഹികത്തൊഴിലാളികള്‍ (ഡൊമസ്റ്റിക് ലേബര്‍) എന്ന മാന്യമായ പ്രയോഗം ഇനി ഉപയോഗിക്കണമെന്നാണ് കരട് നിയമം അനുശാസിക്കുന്നത്.
കുവൈത്തിലെ എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രത്യേകിച്ചും അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം. കരട് ബില്‍ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ഹാജരുണ്ടായിരുന്ന 33 എംപിമാരില്‍ ഒരാള്‍ മാത്രമാണ് എതിരായി വോട്ടുചെയ്തത്.