മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷികാഘോഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

Update: 2022-06-20 08:40 GMT

ജിദ്ദ:മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷിക ആഘോഷം ജൂണ്‍ 24 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും.ആഘോഷത്തിന്റെ ഭാഗമായി മലബാര്‍ അടുക്കള ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'അരങ്ങും അടുക്കളയും 2022' എന്ന പേരില്‍ വിവിധ ഇനം മല്‍സരങ്ങള്‍ സംഘടിപ്പിക്കും.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വൈകീട്ട് 5 മണി മുതല്‍ 11:30 വരെയാണ് പരിപാടി നടക്കുക.പാചക മല്‍സരം,മൈലാഞ്ചി മല്‍സരം,ചിത്ര രചന മല്‍സരം എന്നിവയോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

അഞ്ചു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ എട്ടാം വാര്‍ഷിക ആഘോഷം ഗള്‍ഫിലും നാട്ടിലുമുള്ള വിവിധ ചാപ്റ്ററുകള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നതായി മലബാര്‍ അടുക്കള ചെയര്‍മാന്‍ മുഹമ്മദലി ചാക്കോത്ത് ദുബായില്‍ നിന്നും അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിലെ എട്ടാം വാര്‍ഷിക ആഘോഷങ്ങള്‍ ജൂലായ് രണ്ടിന് എറണാകുളം 'ബ്ലൂംസ് കൊച്ചിന്‍' ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നതോടെ തുടക്കമാകും. ദുബയിലെ ആഘോഷ പരിപാടികള്‍ ജൂലായ് 16ന് നടത്തപ്പെടും.പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന് ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കണ്ണൂര്‍ ഷരീഫ്, രഹന, ഫാസില ബാനു, തുടങ്ങിയ കലാകാരന്‍മാരുടെ ഗാനമേള ഉണ്ടായിരിക്കും.പ്രമുഖ അറബ് വ്യക്തിത്വങ്ങളും, സിനിമ താരങ്ങളും, ആഘോഷ പരിപാടികളുടെ ഭാഗമാകും. ഇതോടനുബന്ധിച്ച് നടത്തുന്ന പാചക മല്‍സരത്തില്‍ സംബന്ധിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരമുണ്ടാകും.

2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തില്‍ ദുബയിലെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്നാണ് മലബാര്‍ അടുക്കള എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്. എട്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തോളം അംഗങ്ങളിലേക്ക് എത്തി നില്‍ക്കുകയാണ്. മലബാര്‍ അടുക്കള വെറുമൊരു പാചക ഗ്രൂപ്പ് മാത്രമല്ല,ആരംഭം തൊട്ട് പല മേഖലകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും,കഴിഞ്ഞ റമദാനില്‍ 1000 കുടുംബങ്ങള്‍ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രങ്ങള്‍,വീട്, മരുന്ന്, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ , നാലോളം സ്‌കൂളുകളെ സമൃദ്ധി പദ്ധതിയിലൂടെ ഏറ്റെടുക്കല്‍, ജോലി ശരിയാക്കി നല്‍കല്‍, ഫുഡ് ഫെസ്റ്റിവല്‍, പാചക മല്‍സരങ്ങള്‍,കലാ സാംസ്‌കാരിക സാഹിത്യ പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടത്തുകയും, കേരളത്തില്‍ സംഭവിച്ച രണ്ടു പ്രളയങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.കൊവിഡ് വ്യാപന വേളയില്‍ ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ മലബാര്‍ അടുക്കള എന്ന ഈ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ വിതരണം ചെയ്തു.

'100 പാചക റാണിമാര്‍' എന്ന ഒരു പാചക പുസ്തകവും ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്.ലോകമെമ്പാടും പാചക മല്‍സരവും കുടുംബ സംഗമവും വര്‍ഷംതോറും നടത്തി വരുന്നു. 'സൂപ്പര്‍ ഷെഫ്'എന്ന പേരില്‍ എല്ലാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കായി പാചക മല്‍സരവും സംഘടിപ്പിക്കാന്‍ ഈ കൂട്ടായ്ക്ക് സാധിച്ചിട്ടുണ്ട്.

ജിദ്ദയില്‍ മലബാര്‍ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും അരങ്ങും അടുക്കളയും എന്ന പരിപാടിയോടെ പ്രധാന പ്രായോജ്യകാരായ അബീര്‍ ഗ്രൂപ്പിന്റെ സഹകരണം ഏറെ വിലമതിക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മലബാര്‍ അടുക്കള ജിദ്ദ കോഡിനേറ്റര്‍മാരായ കുബ്ര ലത്തീഫ്, ഫസ്‌ന സിറാജ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആസിഫ സുബുഹാന്‍, ഇന്‍ഷിറ റാഷിദ് എന്നിവര്‍ക്ക് പുറമെ അബീര്‍ ഗ്രൂപ്പ് പേഷ്യന്റ് എക്‌സ്പീരിന്‍സ് ഡയറക്ടര്‍ ഡോ. ഇമ്രാനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News