ദുബയ് ഡൗണ്‍ ടൗണില്‍ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപ്പിടിത്തം

Update: 2022-04-28 00:46 GMT

ദുബയ്: ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്റെ മേല്‍ക്കൂരയ്ക്ക് തീപ്പിടിച്ചു. അഗ്‌നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബയ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുബയിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കറുത്ത പുക പടരുന്നതായി ഓപറേഷന്‍ റൂമിന് റിപോര്‍ട്ട് ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നാണ് റിപോര്‍ട്ട്.

ഹോട്ടലിന്റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപ്പിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ മുറികളും സര്‍വീസ്ഡ് അപ്പാര്‍ട്ടുമെന്റുകളും അടങ്ങുന്ന ചതുരാകൃതിയിലുള്ള ബ്ലോക്കില്‍ പരന്നുകിടക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളാണ് സ്വിസ്സോട്ടെല്‍ അല്‍ മുറൂജ്. ഹോട്ടല്‍ മുമ്പ് പ്രാദേശിക ഹോട്ടല്‍ ബ്രാന്‍ഡായ റോഡയും അതിനുമുമ്പ് റൊട്ടാനയുമാണ് നടത്തിയിരുന്നത്.

Tags:    

Similar News