പ്രവാസികളുടെ നടുവൊടിക്കുന്ന വിമാന നിരക്ക് വര്‍ധന, സത്വര നടപടി ആവശ്യം : ഇന്ത്യന്‍ സോഷ്യല്‍ഫോറം
ജുബൈല്‍: പ്രവാസികളുടെ നടുവൊടിക്കുന്ന അമിത വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാനാവശ്യമായ സത്വര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സിറ്റി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കൊവിഡ് മഹാമാരിക്ക് ശേഷം നാട്ടില്‍ പോയ പ്രവാസികള്‍ അധിക ടിക്കറ്റ് നിരക്ക് കാരണം തിരികെ ജോലിക്ക് പ്രവേശിക്കാന്പറ്റാത്ത അവസ്ഥയാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വ്യക്തമാക്കി.
കുടുംബത്തോടൊപ്പം സ്കൂള്‍ വേനലവധിക്ക് നാട്ടിലെത്തിയവര്‍ക്കും, സെപ്തംബര്‍ 5 ന് സ്കൂളുകള്‍ തുറക്കാനിരിക്കെ തിരികെ എത്തണമെങ്കില്‍ ഭാരിച്ച തുക ചിലവാക്കേണ്ടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഇലക്ഷനാകുമ്പോള്‍ മാത്രം പ്രവാസികളെ പ്രീണിപ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവാസികളുടെ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. പ്രവാസി സംഘടനകളുടെ കൂട്ടായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.ജുബൈല്‍ സിറ്റി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് മേത്തര്‍, സെക്രട്ടറി സുഹൈല്‍ പാങ്ങോട് സംസാരിച്ചു.