നിര്‍ധനരായ പ്രവാസികളുടെ വയറ്റത്തടിച്ച് ഇന്ത്യന്‍ എംബസി; ടിക്കറ്റിനായുള്ള ധനസഹായം തിരിച്ചടക്കണം
ഇന്ത്യന്‍ എംബസിയില്‍ നല്‍കുന്ന പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റിനുള്ള പണം ലഭ്യമാക്കുന്നത്. ഇക്കാര്യം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും അടുത്ത തവണ പാസ്പോര്‍ട്ട് പുതുക്കും മുമ്പ് ഇത് തിരിച്ചടക്കണമെന്നുമാണ് നിബന്ധന.
ദോഹ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പെട്ടുപോയ നിര്‍ദ്ദനരായ പ്രവാസികള്‍ക്ക് വിമാന ടിക്കറ്റിനായി ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ (ഐസിഡബ്ല്യുഎഫ്) നിന്നുള്ള ധനസഹായം പിന്നീട് തിരിച്ചടക്കണമെന്ന ഉപാധി വച്ച് എംബസി അധികൃതര്‍. ഇന്ത്യന്‍ എംബസിയില്‍ നല്‍കുന്ന പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റിനുള്ള പണം ലഭ്യമാക്കുന്നത്. ഇക്കാര്യം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും അടുത്ത തവണ പാസ്പോര്‍ട്ട് പുതുക്കും മുമ്പ് ഇത് തിരിച്ചടക്കണമെന്നുമാണ് നിബന്ധന.
ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ബുദ്ധിമുട്ടുന്ന പ്രവാസികള്‍ വിമാനടിക്കറ്റിനായി ഇന്ത്യന്‍ എംബസിയെ സമീപിച്ചതിനുപിന്നാലെയാണ് ഇത് സംബന്ധിച്ച ഇ മെയില്‍ ലഭിച്ചത്. ഐസിഡബ്ല്യുഎഫില്‍ നിന്ന് ടിക്കറ്റ് തുക ലഭിക്കാനാവശ്യമായ മറ്റ് നിബന്ധനകളൊടൊപ്പമാണ് ഇക്കാര്യവും ചേര്‍ത്തിരിക്കുന്നത്.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ടിക്കറ്റിന് വേണ്ടി എംബസിയെ സമീപിക്കുന്നതെങ്കില്‍ തൊഴില്‍ കരാറിന്റെ കോപ്പി, സാലറി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് കോപ്പി, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കോപ്പി, ഖത്തര്‍ ഐഡി കോപ്പി, കമ്പനിയില്‍ നിന്ന് പുറത്താക്കിയതാണോ രാജിവച്ചതാണോ, കമ്പനിയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങളോ ടിക്കറ്റോ കിട്ടിയിരുന്നോ, ഖത്തറില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ ക്ലോസര്‍ സ്റ്റേറ്റ്മെന്റ് തുടങ്ങിയ രേഖകളും ഹാജരാക്കണം.
കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പ്രവാസികളില്‍നിന്നു ഈടാക്കുന്ന തുക ഉപയോഗിച്ചാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നത്. ഗള്‍ഫിലെ വിവിധ എംബസികളിലുള്ള വെല്‍ഫെയര്‍ ഫണ്ടില്‍ കോടിക്കണക്കിന് രൂപ നിക്ഷേപമായുണ്ടെന്നാണ് റിപോര്‍ട്ട്. ഈ പണത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ടിക്കറ്റ് തുക നല്‍കാന്‍ പ്രവാസ ലോകത്ത് നിന്നു ഏറെ മുറവിളി ഉയര്‍ന്നെങ്കിലും അധികൃതര്‍ ഇക്കാര്യം ചെവി കൊണ്ടിരുന്നില്ല. അതിനിടെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ഫണ്ടില്‍ നിന്ന് ടിക്കറ്റ് തുക നല്‍കണമെന്ന് ഈയിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെയാണ് ഇതില്‍ അയവ് വന്നത്.
ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്ന് പിരിച്ചെടുക്കുന്ന ഫണ്ടില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ടിക്കറ്റിന് നല്‍കുന്ന തുക പിന്നീട് തിരിച്ചടക്കണമെന്ന ഉപാധി ഒഴിവാക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വെല്‍ഫെയര്‍ ഫണ്ടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച പേജില്‍ സഹായം ലഭിച്ചത് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് മാത്രമേ പറയുന്നുള്ളു. തിരിച്ചടക്കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല എന്നതും ശ്രദ്ധേയമാണ്.