കൊവിഡ് മാനദണ്ഡം;സര്‍ക്കാരും പോലിസും പ്രവാസികളോട് കാട്ടുന്ന വിവേചനപരമായ നടപടികള്‍ അവസാനിപ്പിക്കണം:സോഷ്യല്‍ ഫോറം

വിദേശങ്ങളില്‍ നിന്നും ചുരുങ്ങിയ ദിവസത്തെ അവധിയില്‍ നാട്ടിലേക്കു വരുന്ന പ്രവാസികള്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കി

Update: 2022-01-10 08:58 GMT

ജിദ്ദ: വിദേശങ്ങളില്‍ നിന്നും ചുരുങ്ങിയ ദിവസത്തെ അവധിയില്‍ നാട്ടിലേക്കു വരുന്ന പ്രവാസികള്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനമാണെന്ന് സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മറ്റി.പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നല്‍കി.

കൊവിഡ് ഭീതിയും ഒമിക്രോണ്‍ വ്യാപനവും നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങളും ആള്‍ക്കൂട്ടങ്ങകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ നടത്തുകയും നടത്താന്‍ അനുവാദം നല്‍കുകയും ചെയ്യുന്ന സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ ക്രൂരതയും കൊടിയ വഞ്ചനയുമാണ്. കൊവിഡ് പ്രതോരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും എല്ലാ നിബന്ധകളും നിര്‍ദ്ദേശങ്ങളും പാലിച്ചാണ് പ്രവാസികള്‍ നാട്ടിലേക്കെത്തുന്നത്. രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പുമെടുത്ത് കോവിഡ് ടെസ്റ്റും കഴിഞ്ഞാണ് വിദേശങ്ങളില്‍നിന്ന് പ്രത്യേകിച്ച് സൗദിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നത്. ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചവരാണ് ഭൂരിഭാഗവും. അതിനു പുറമെ എയര്‍പോര്‍ട്ടുകളിലും ചെലവേറിയ ടെസ്റ്റിന് വിധേയരാവേണ്ടിവരുന്നു. അതുപോലും പരിഗണിക്കാതെയുള്ള നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും സോഷ്യല്‍ ഫോറം ചൂണ്ടിക്കാട്ടി.

ഏഴു ദിവസത്തെ ക്വാറന്റൈനുശേഷം വീണ്ടും പരിശോധന നടത്തണമെന്നും പരിശോധന ഫലമനുസരിച്ച് വീണ്ടും കടുത്ത നിബന്ധനകള്‍ പാലിക്കണമെന്നുമുള്ള തീരുമാനങ്ങള്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കാനും സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള പദ്ധതിയാണെന്നും സോഷ്യല്‍ ഫോറം വ്യക്തമാക്കി.

എന്നാല്‍ ഒരു നിബന്ധനയും പാലിക്കാതെ ആയിരങ്ങള്‍ കൂട്ടം കൂടുകയും പ്രകടനം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ സര്‍ക്കാരും നിയമപാലകരും കണ്ടില്ലെന്നു നടിക്കുകയോ, നിയമനടപടിയെടുക്കുന്നതില്‍ വിവേചനം കാണിക്കുകയോ ചെയ്യുകയാണ്. തികച്ചും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാരും പോലിസും കൈക്കൊള്ളുന്ന വിവേചനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും സോഷ്യല്‍ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കി.കോഓര്‍ഡിനേറ്റര്‍ ബഷീര്‍ കാരന്തൂര്‍, സൈദലവി ചുള്ളിയന്‍ (റിയാദ്), ഫൈസല്‍ മമ്പാട് (ജിദ്ദ), കുഞ്ഞിക്കോയ താനൂര്‍ (ജുബൈല്‍), മന്‍സൂര്‍ എടക്കാട് (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ)എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.


Tags:    

Similar News