ഇഗ്‌നോ കോഴ്‌സുകള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നു
വിവിധ വിഷയങ്ങളില്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് പുറമെ ഡിപ്‌ളോമ കോഴ്‌സുകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇഗ്‌നോ ചുരുങ്ങിയ ഫീസില്‍ നല്‍കി വരുന്നുണ്ട്.
ജിദ്ദ: കൊവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ സാധാരണ ക്ലാസ് റൂം രീതിയിലുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കാതിരിക്കെ ഇന്ദിരാഗാന്ധി നാഷണല്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) കോഴ്‌സുകള്‍ സൗദി അറേബ്യയില്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കോഴ്‌സുകള്‍ക്ക് നേതൃത്വം നല്‍കുന്ന എജ്യുക്കേഷന്‍ കണ്‍സല്‍ട്ടിങ് ആന്റ് ഗൈഡന്‍സ് സര്‍വീസസ് (ഇസിജിഎസ്) മാനേജിങ് ഡയറക്ടര്‍ റിയാസ് മുല്ല അറിയിച്ചു.
ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. 9000 ത്തോളം പേര്‍ കഴിഞ്ഞ ഒരു ദശകത്തിലേറെയായി സൗദി അറേബ്യയില്‍ ഇഗ്‌നോ സെന്റര്‍ വഴി പഠനം പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് പുറമെ ഡിപ്‌ളോമ കോഴ്‌സുകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇഗ്‌നോ ചുരുങ്ങിയ ഫീസില്‍ നല്‍കി വരുന്നുണ്ട്. പുതുതായി സൗദിയിലെ ഒന്ന് മുതല്‍ 12 വരെ സി.ബി.എസ്.ഇ കഌസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ചുരുങ്ങിയ ഫീസില്‍ ട്യൂഷന്‍ സംവിധാനം ആരംഭിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വര്‍ഷത്തില്‍ 1500 റിയാലും വാറ്റുമാണ് ഇതിന് ഫീ നിശ്ചയിച്ചിരിക്കുന്നത്. ഇഗ്‌നോയുടെ സൗദി ചാപ്റ്റര്‍ മുഖാന്തരം പരീക്ഷ എഴുതിയ പല വിദ്യാര്‍ത്ഥികള്‍ക്കും റാങ്ക് നേടാന്‍ സാധിച്ചത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, യുഎഇ, മലേസ്യ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ സര്‍വകലാശാലകളുടെയും കോളജുകളുടെയും സൗദിയിലെ ഔദ്യോഗിക ഏജന്‍സിയാണ് ഇസിജിഎസ്.
ഇന്ത്യയിലെ പിസിടിഐ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനം പരിചയപ്പെടുത്തുന്നതിനും ഇ ലേണിങ് മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനും ഇ.സി.ജി.എസ് മുന്നോട്ട് വന്നിട്ടുണ്ട്. ഇഗ്‌നോ ഇന്റര്‍നാഷനല്‍ വിഭാഗം ഡയറക്ടര്‍ പ്രൊഫ. ബി.ബി.ഖന്ന, പി.സി.ടി.ഐ മാനേജിങ് ഡയറക്ടര്‍ മേജര്‍ ശുശീല്‍ ഗോയല്‍, പി.സി.ടി.ഐ വൈസ് പ്രസിഡണ്ട് ഡോ. റിത്തു കൗശല്‍, പി.സി.ടി.ഐ ജനറല്‍ മാനേജര്‍ ദേവേന്ദര്‍ കുമാര്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍ നിന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും അംഗീകാരവും ഇഗ്‌നോ വിദൂര വിദ്യാഭ്യാസ പദ്ധതിക്കുണ്ടെന്ന് അവര്‍ അറിയിച്ചു.