സാംസ്‌കാരിക കലാരൂപങ്ങളുടെ സംഗമമായി ഇന്ത്യ 'മഹാ ഉല്‍ത്സവ്'
ഇന്ത്യ ഫോറവുമായി സഹകരിച്ച് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കബീര്‍ കൊണ്ടോട്ടി
ജിദ്ദ: ഇന്ത്യയുടെ 75ാംമത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ആസാദി കാ അമൃത് മഹോല്‍ത്സവിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യ 'മഹാ ഉല്‍ത്സവ്' സാംസ്‌കാരിക കലാരൂപങ്ങളുടെ സംഗമമായി. ഇന്ത്യ ഫോറവുമായി സഹകരിച്ച് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി യോഗ കമ്മറ്റി പ്രസിഡന്റ് പത്മശ്രീ നൗഫ് മര്‍വായ്, സൗദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് (എസ്‌ഐബിഎന്‍) പ്രസിഡന്റ് അബ്ദുല്ല അല്‍ഖസബി, ബാറ്റര്‍ജി ഹോള്‍ഡിങ് കമ്പനി ചെയര്‍മാന്‍ മാസിന്‍ ബാറ്റര്‍ജി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിത്യസ്ത സംസ്‌കാരങ്ങള്‍ ഉള്‍കൊള്ളുന്ന വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞെത്തി കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ മഹോത്സവ്‌നെ ഏറെ മനോഹരമാക്കി. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റു മുതിര്‍ന്നവരും ഉള്‍പ്പെടെ 190 ലധികം പ്രഗത്ഭരായ കലാകാരന്മാരുടെ മനോഹരമായി ചിട്ടപ്പെടുത്തിയ സാംസ്‌കാരിക ദൃശ്യ ശ്രാവ്യ പ്രകടനങ്ങള്‍ കാണികളെ ആവേശഭരിതരാക്കി.
ഇന്ത്യന്‍ സാംസ്‌കാരിക ക്ലാസിക്കല്‍ നൃത്തങ്ങള്‍, രാജസ്ഥാനി നാടോടിനൃത്തം, ഗുജറാത്തി ഗര്‍ബ, ദാന്തിയ നൃത്തങ്ങള്‍, പഞ്ചാബി ഡാന്‍സ്, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, ദേശഭക്തിഗാനങ്ങള്‍, മറ്റു പ്രാദേശിക പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രകടനങ്ങള്‍ എന്നിവയാല്‍ സമ്പന്നമായിരുന്നു സാംസ്‌കാരിക മഹാസംഗമം. പ്രത്യേകം ക്ഷണിക്കപ്പെട്ട സ്വദേശികളും ഇന്ത്യക്കാരും കമ്മ്യൂണിറ്റി അംഗങ്ങളുമുള്‍പ്പെടെ 600 ഓളം പേര്‍ ഇന്ത്യന്‍ മഹോത്സവം കാണാനെത്തിയിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് യൂട്യൂബ് പേജിലൂടെ നടത്തിയ തത്സമയ സംപ്രേഷണത്തിലൂടെയും നൂറുകണക്കിന് പേര്‍ പരിപാടി വീക്ഷിച്ചു. പരിപാടി വീക്ഷിക്കാനെത്തിയ പലരും തങ്ങളുടെ പ്രദേശത്തെ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയത് കൗതുകമായി.