സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് ഇന്ത്യന്‍ ജനതയ്ക്ക് ഒരുമിച്ച് നില്‍ക്കാനാവും: പ്രഫ. പി കോയ
സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ എല്ലാ മേഖലയിലും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഹ: വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ അട്ടിമറിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശവും വീണ്ടെടുക്കുന്നതിന് ഇന്ത്യന്‍ ജനതയ്ക്ക് ഒരുമിച്ച് നില്‍ക്കാനാവുമെന്നതിന്റെ തെളിവാണ് സിഎഎ വിരുദ്ധ സമരമെന്ന് പ്രഫ. പി കോയ. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സ്വതന്ത്ര ഇന്ത്യ 74 ആണ്ടുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാരം മുന്നോട്ടുവയ്ക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യയെ എല്ലാ മേഖലയിലും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഗളന്മാര്‍ ഭരിച്ചിരുന്ന സമയത്ത് ലോകത്തെ മൊത്തം ജിഡിപിയുടെ 27 ശതമാനം ഇന്ത്യയില്‍ ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സമയത്ത് അത് 5 ശതമാനമായി ഇടിഞ്ഞു. ഇന്ത്യ ഒരുമിച്ച് നിന്നാണ് ബ്രിട്ടീഷുകാരെ തുരത്തിയത്. തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ ഇന്ത്യയെ പതുക്കെയെങ്കിലും പുരോഗതിയിലേക്ക് നയിച്ചു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ മറ്റു പല രാജ്യങ്ങളും പട്ടാള ഭരണത്തിലേക്കും മറ്റും നീങ്ങിയപ്പോള്‍ ഇന്ത്യ ഒരു ജനാധിപത്യ മതേതര രാജ്യമായി നിലകൊണ്ടത് ഇന്ത്യയുടെ ഭരണഘടനയുടെ കെട്ടുറപ്പ് കൊണ്ടാണ്.
എന്നാല്‍, സംഘപരിവാരം ഭരണഘടനയുടെ തന്നെ പഴുതുകള്‍ ഉപയോഗിച്ച് അതിനെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുപ്പിന്റെ രാഷ്ട്രീയം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ഇതിനായി മീഡിയകളെ വിലക്കു വാങ്ങുകയും സോഷ്യല്‍ മീഡിയ ആസൂത്രിത സ്വഭാവത്തില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ന്നത് അങ്ങിനെയാണെന്ന് പി കോയ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ രഹസ്യങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുത്ത് ഭീഷണിപ്പെടുത്തിയാണ് അവരെ നിശ്ശബ്ദരാക്കുകയോ സ്വന്തം പക്ഷത്തേക്ക് ചേര്‍ക്കുകയോ ചെയ്തത്. എന്നാല്‍, ഈ നിശ്ശബ്ദതയിലും പ്രതീക്ഷ നല്‍കുന്നതാണ് ഷഹീന്‍ ബാഗില്‍ തുടങ്ങിയ പൗരത്വ പ്രക്ഷോഭം. വര്‍ഗീയ ഫാഷിസത്തിനെതിരേ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഇന്ത്യക്ക് ഒരുമിച്ച് നില്‍ക്കാനാവുമെന്ന് തെളിയിച്ച സമരമായിരുന്നു അത്. അത്തരം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യക്ക് ഇനിയും സാധ്യമാവുമെന്നും അതില്‍ മുസ്‌ലിംകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി ആമുഖപ്രഭാഷണം നടത്തി. ഉസാമ അഹ്മദ് നന്ദി പറഞ്ഞു.