ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം; വിമാനക്കമ്പനിക്ക് 11 ലക്ഷം രൂപ പിഴ ചുമത്തി കുവൈത്ത് കോടതി

Update: 2022-04-28 03:32 GMT

കുവൈത്ത് സിറ്റി: യാത്രക്കാരന്റെ ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം വരുത്തിയ വിമാനക്കമ്പനിക്ക് പിഴ ചുമത്തി കുവൈത്ത് പരമോന്നത കോടതി. പരാതിക്കാരന് നഷ്ടപരിഹാരമായി 4,400 ദിനാര്‍ (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കാനാണ് കോടതി ഉത്തരവിട്ടത്. സ്വകാര്യവിമാനക്കമ്പനിക്കെതിരേ യാത്രക്കാരനായിരുന്ന കുവൈത്ത് പൗരന്‍ നല്‍കിയ കേസിലാണ് കോടതി വിധി. കുവൈത്തില്‍ നിന്ന് മറ്റൊരു വിദേശരാജ്യത്തേക്ക് ദുബയ് വഴി യാത്ര ചെയ്തതാണ് ഇദ്ദേഹം. ദുബയ് വിമാനത്താവളത്തില്‍ ട്രാന്‍സിറ്റ് ചെയ്യന്നതിനിടെയാണ് ലഗേജ് എത്തിയിട്ടില്ലെന്ന് യാത്രക്കാരന്‍ തിരിച്ചറിയുന്നത്.

ലഗേജ് കിട്ടാത്തതിനാല്‍ യാത്ര പ്രതിസന്ധിയിലാവുകയും മറ്റ് ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്‌തെന്നാരോപിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. അഞ്ച് ദിവസം വൈകിയാണ് ലഗേജ് തനിക്ക് ലഭിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു. മാനസിക സംഘര്‍ഷവും സാമ്പത്തിക നഷ്ടവുമുണ്ടായെന്നും പകരമായി നഷ്ടപരിഹാരം വേണമെന്നുമാണ് യാത്രക്കാരന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ കഴിഞ്ഞ ദിവസമാണ് കുവൈത്ത് പരമോന്നത കോടതി വിധി പറഞ്ഞത്. യാത്രക്കാരന് വേണ്ടി അറ്റോര്‍ണി അലി അല്‍വവാന്‍ കോടതിയില്‍ ഹാജരായി.

Tags:    

Similar News