കുവൈത്തില്‍ മലയാളിയുടെ മരണം; ബന്ധുക്കള്‍ അറിഞ്ഞത് സംസ്‌കാരം കഴിഞ്ഞ് രണ്ട് ദിവസം ശേഷം
തിരുവനന്തപുരം വര്‍ക്കല എടവ വെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്‍ (45) ആണ് മരിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല എടവ വെട്ടൂര്‍ റാത്തിക്കല്‍ സ്വദേശി അഷീര്‍ ഖാന്‍ താജുദ്ദീന്‍ (45) ആണ് മരിച്ചത്. ജൂണ് 2നു വൈകുന്നേരം ഫഹാഹീലിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ചു വേദന അനുഭവപ്പെടുകയും സഹവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ അദാന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു.
അവിടെ അഡ്മിറ്റ് ആയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ റൂമിലേക്ക് തിരിച്ച് പോകുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ മൊബൈയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് അഡ്മിറ്റ് ചെയ്ത അന്ന് ഒരു മണിക്കൂറിനകം തന്നെ ഇദ്ദേഹം മരണമടഞ്ഞതായും അപ്പോള്‍ തന്നെ മൃതദേഹം സംസ്‌കരിച്ചതായും ആശുപത്രി അധികൃതരില്‍ നിന്നും വിവരം ലഭിച്ചത്.
മരണ വിവരം ഇന്ത്യന്‍ എംബസിയില്‍ അറിയിച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ സുഹൃത്തുക്കളെ അറിയിച്ചത്. എന്നാല്‍ തങ്ങളെ ആരും തന്നെ മരണ വിവരം അറിയിച്ചില്ലെന്നും ഇന്ന് ആശുപത്രിയില്‍ എത്തി അന്വേഷിച്ചത് കൊണ്ട് മാത്രമാണു മരണ വിവരം അറിയാന്‍ സാധിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇക്കാരണത്താല്‍ മൃതദേഹം സംസ്‌കരിക്കപ്പെട്ട രണ്ടാം ദിവസമായ ഇന്നാണു നാട്ടിലുള്ള ബന്ധുക്കളെ പോലും മരണ വിവരം അറിയിക്കാന്‍ കഴിഞ്ഞത്.
നാലു വര്‍ഷം മുമ്പ് കുവൈത്തില്‍ എത്തിയ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തില്‍ എത്തിയ ശേഷം ഇത് വരെ നാട്ടില്‍ പോയിരുന്നില്ല. ഭാര്യ ഷാഹിദ.മക്കള്‍ ഷിഫ, അലി.