സൗദി പൗരന്റെ കാരുണ്യത്തില്‍ മലയാളിക്ക് ജയില്‍ മോചനം; സോഷ്യല്‍ ഫോറം ഇടപെടല്‍ തുണയായി

Update: 2020-10-30 13:27 GMT

വാഹനാപകടക്കേസില്‍ ഒന്നര വര്‍ഷത്തിനു ശേഷം സൗദി ജയിലില്‍ നിന്ന് മോചിതനായ മലപ്പുറം തിരുനാവായ സ്വദേശി നൗഫല്‍(മധ്യത്തില്‍) ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളോടൊപ്പം




വാദി ദവാസിര്‍: വാഹനാപകടക്കേസില്‍ ഒന്നരവര്‍ഷമായി വാദി ദവാസിറില്‍ ജയില്‍വാസമനുഭവിക്കുന്ന മലയാളി യുവാവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലും സൗദി പൗരന്റെ കാരുണ്യവും കാരണം മോചിതനായി. മലപ്പുറം തിരുന്നാവായ ഇടക്കുളം സ്വദേശി ചെറുപറമ്പില്‍ നൗഫലാണ് സ്വദേശി പൗരന്റെ സുമനസ്സില്‍ ജയില്‍ മോചിതനായത്. 2019 ആഗസ്തിലാണ് നൗഫലിന്റെ ജയില്‍വാസത്തിനാസ്പദമായ വാഹനാപകടമുണ്ടായത്. ഏഴു സ്വദേശി വനിതകളെയും കൊണ്ടുപോയ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെടുകയും മറ്റുള്ളവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന നൗഫല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സൗദി ട്രാഫിക് നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജലയിലിലടച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തിനു ഇന്‍ഷുറന്‍സ് ഇല്ലാതിരുന്നതും കേസിനെ പ്രതികൂലമായി ബാധിച്ചു.

    കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോടതി നടപടികള്‍ മന്ദഗതിയിലായതും മറ്റും വിചാരണ വേഗത്തിലാക്കുന്നതിന് തടസ്സമായി. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് അബ്ദുല്‍ ലത്തീഫ് മാനന്തേരിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ഇടപെടുകയും നടപടികള്‍ വേഗത്തിലാക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. പിന്നീട് കേസ് നടപടികളില്‍ അമീറിന്റെ കാര്യാലയം ഇടപെട്ട് ത്വരിതഗതിയിലാക്കി. മന:പൂര്‍വ്വം അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി തള്ളുകയും നൗഫലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ മരണപ്പെട്ട സ്വദേശി വനിതയുടെ കുടുംബത്തിനും പരിക്കേറ്റ മറ്റു വനിതകള്‍ക്കുമുള്ള ബ്ലഡ് മണി സംബന്ധമായ കേസ് നിലനില്‍ക്കുകയും നൗഫലിന്റെ സ്‌പോണ്‍സര്‍ കേസുമായി സഹകരിക്കാതിരിക്കുകയും ചെയ്തതിനാല്‍ ജാമ്യം ലഭിക്കാതായി.

    നൗഫലിന്റെയും കുടുംബത്തിന്റെയും പരാധീനതകള്‍ പരിക്കേറ്റവരുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം വേണ്ടെന്ന് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ മരണപ്പെട്ട വനിതയുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തുകയായി ഒന്നരലക്ഷം റിയാല്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം നീക്കം നടത്തി. സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള നൗഫലിന് ഇത്രയും വലിയ തുക ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കും ഇത്ര വലിയ തുക സമാഹരണം അപ്രാപ്യമായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം സ്വദേശി പൗരന്മാരെ കാര്യങ്ങള്‍ ബോധിപ്പിക്കുകയും പ്രദേശത്തെ പൗരപ്രമുഖരുമായി ബന്ധപ്പെട്ട്, മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ കണ്ട് നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍, 80000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു പറഞ്ഞു. ഇതിനു രണ്ടാഴ്ചത്തെ സമയം ചോദിക്കുകയും ചര്‍ച്ചകള്‍ തുടരുകയും ചെയ്തു. പിന്നീട് വീണ്ടും സ്വദേശി പ്രമുഖരുടെ ഇടപെടലുകള്‍ മൂലം 60000 റിയാല്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

    പ്രദേശത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മാതൃകയായിട്ടുള്ള സൗദി കുടുംബം 45000 റിയാല്‍ നല്‍കി സഹായിച്ചു. നൗഫലിന്റെ സഹോദരി ഭര്‍ത്താവും സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗവും ബാക്കി തുക കണ്ടെത്തുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു. കേസിന്റെ ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് ഷെയ്ഖ് മുബാറക് ഇബ്രാഹീം ദോസരി സന്നിഹിതനായിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ തിരുന്നാവായ, സെക്രട്ടറി സൈഫുദ്ദീന്‍ ആലുവ, താജുദ്ദീന്‍ അഞ്ചല്‍, സൈഫുദ്ദീന്‍ കണ്ണൂര്‍ എന്നിവരാണ് നിയമ സഹായത്തിനും മറ്റു നടപടികള്‍ക്കും മുന്നിട്ടിറങ്ങിയത്.




Tags:    

Similar News