നിസാറുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

22 വര്‍ഷമായി അറാറില്‍ നദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

Update: 2021-04-18 06:49 GMT

ദമ്മാം: കഴിഞ്ഞ മാര്‍ച്ച് 16ന് സൗദി അറേബ്യയിലെ അറാറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാറുദ്ദീന്റെ മൃതദേഹം അറാര്‍ പ്രവാസി സംഘം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലെത്തിച്ച് ഖബറടക്കി.

22 വര്‍ഷമായി അറാറില്‍ നദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അറാര്‍ മെഡിക്കല്‍ ടവര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ അറാര്‍ പ്രവാസി സംഘം ജനറല്‍ സെക്രട്ടറി സക്കീര്‍ താമരത്ത് ഏറ്റുവാങ്ങി അറാര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രവാസി സംഘം മുഖ്യരക്ഷാധികാരി മൊയ്തുണ്ണി വടക്കാഞ്ചേരി, പ്രസിഡന്റ് സുനില്‍ കുന്നംകുളം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഷീദ് പരിയാരം, അനു ജോണ്‍, സംഘം പ്രവര്‍ത്തകരായ ഷമീര്‍, ഹാമിദ്, ജാബിര്‍ വയനാട്, നദ കമ്പനിയിലെ സഹപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

റിയാദില്‍ നിന്നും ഉച്ചയ്ക്ക് മൂന്നിന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം രാത്രി 12 (ഇന്ത്യന്‍ സമയം) മണിയോടു കൂടി കൊച്ചിയിലെത്തിച്ചു. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം നാട്ടിലേക്ക് കൊണ്ടു പോയ മൃതദേഹം സുബഹി നിസ്‌കാരത്തിന് ശേഷം കിഴക്കേകുഴി മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

വണ്ടിപുര വീട്ടില്‍ അബ്ദുല്‍ കരീം സല്‍മാ ബീവി ദമ്പതികളുടെ മകനാണ് മരണപ്പെട്ട നിസാറുദ്ദീന്‍. തടത്തിനകത്ത് സലീനയാണ് ഭാര്യ. ഹെന മെഹറിന്‍, ഹസ്ബിയ ഫാത്തിമ എന്നിവര്‍ മക്കളാണ്. കബീര്‍, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ റഹീം,ഷാഹിദ് ,സജ്ജാദ് എന്നിവര്‍ സഹോദരങ്ങളും നുസൈഫ, സഫീന, ഫസീല, എന്നിവര്‍ സഹോദരിമാരുമാണ്.

Tags:    

Similar News