അബഹ: ഏത് ഭീകരഘട്ടങ്ങളെയും അതിജയിക്കാനും പുരോഗതിയിലേക്ക് നയിക്കാനും പോസിറ്റീവ് ചിന്തകള്‍ക്ക് സാധിക്കുമെന്നും ഭീതി നിറഞ്ഞ വാര്‍ത്താപ്രചരണവും സോഷ്യല്‍ മീഡിയാ ഷെയറിങും ഒഴിവാക്കേണ്ടതുണ്ടെന്നും പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി ടി സുലൈമാന്‍. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മറ്റിയും ആക്‌സസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച 'കൊവിഡ് 19 മാനസിക സംഘര്‍ഷങ്ങള്‍ എങ്ങനെ ലഘൂകരിക്കാം' എന്ന വിഷയത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ മൂന്നര വരെ നടന്ന പരിപാടി വിവിധങ്ങളായ മാനസിക വ്യായാമമുറകളും ആക്റ്റിവിറ്റികളും കൊണ്ട് ശ്രദ്ദേയമാക്കി. അധ്യാപകനും പ്രമുഖ ട്രെയ്‌നറുമായ ഡോ. സി ടി സുലൈമാന്‍ ഇന്ത്യയിലും വിദേശത്തുമായി ഇതിനോടകം നിരവധി ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്‌ളൂ പോലുള്ള ഒരു പാട് മാരക പകര്‍ച്ച വ്യാധികളെ മനുഷ്യസമൂഹം അതിജീവിച്ചതിലും അതുപോലെ പല കാലഘട്ടങ്ങളില്‍ പലപ്പോഴായി തകര്‍ന്നടിഞ്ഞ ലോക സാമ്പത്തികരംഗം പിന്നീട് ഉയിര്‍ത്തെഴുന്നേറ്റതിലും പോസിറ്റീവ് മനോഭാവത്തിന് പ്രധാന പങ്കുണ്ടെന്ന് ജപ്പാനെ ഉദാഹരണമാക്കി അദ്ദേഹം വിശദീകരിച്ചു.
കേരളത്തില്‍ മാസംതോറും തൊള്ളായിരം കോടിയുടെ മരുന്ന് വ്യവസായം നൂറു കോടിയായി കുറഞ്ഞതും കല്യാണ ധൂര്‍ത്തുകള്‍ അവസാനിച്ചതും കൊവിഡിന്റെ നേട്ടമാണ്. ആരോഗ്യമുള്ള മനസ്സും ശരീരവുമുള്ള മനുഷ്യരില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ പോലും അത് പെട്ടെന്ന് നെഗറ്റീവായി മാറുന്നത് കേരളത്തിലെ അനുഭവങ്ങള്‍ വച്ച് അദ്ദേഹം പങ്കുവച്ചു. കൊവിഡ് പോസിറ്റീവായി ക്വാറന്റൈനില്‍ കഴിയുന്നവരുടെ പങ്കാളിത്തം പരിപാടിയുടെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു. പോസിറ്റീവ് എനര്‍ജി സ്വായത്തമാക്കാനുതകുന്ന ചോദ്യോത്തര സെഷനും അനുഭവങ്ങള്‍ പങ്കുവയ്ക്കലും പങ്കെടുത്ത 250ഓളം പേര്‍ക്ക് മനസ്സില്‍ സമാധാനവും ഭാവിയില്‍ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസവും നല്‍കി
സാബിര്‍ മണ്ണാര്‍ക്കാട് ഹോസ്റ്റ് ആയ പരിപാടി ആക്‌സസ് ഇന്ത്യയുടെ സൗദി കോഓഡിനേറ്ററും പ്രിന്‍സ് സത്താം യൂനിവേഴ്‌സിറ്റി ഫാക്കല്‍റ്റിയും മോട്ടിവേഷനല്‍ സ്പീക്കറുമായ ഇസ്മായില്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കോയ ചേലേമ്പ്ര, ജനറല്‍ സെക്രട്ടറി ഹനീഫ ചാലിപ്പുറം സംസാരിച്ചു.