പ്രവാസി പുനരധിവാസ പാക്കേജിന് സമ്മര്‍ദം ചെലുത്തും: അന്‍വര്‍ സാദത്ത് എംഎല്‍എ
ജിദ്ദയില്‍ ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെങ്കിലും കൊവിഡ് വ്യാപനത്താല്‍ പ്രവാസി സമൂഹം ഒന്നാകെ ആശങ്കയിലും പ്രയാസത്തിലുമാണ് കഴിയുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഒട്ടേറെപ്പേര്‍ സാമ്പത്തികമായി പ്രയാസത്തിലാണ്.
ജിദ്ദ: ജോലി നഷ്ടപ്പെട്ട് പ്രവാസലോകത്തുനിന്നെത്തുന്നവര്‍ക്ക് ജീവനോപാധി കണ്ടെത്തുന്നതിനായി പ്രവാസി പുനരധിവാസ പാക്കേജുണ്ടാക്കണമെന്ന് ജിദ്ദ ആലുവ കൂട്ടായ്മ ആവശ്യപ്പെട്ടു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തുമായുള്ള ഓണ്‍ലൈന്‍ വീഡിയോ സംവാദത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ തന്നെക്കൊണ്ട് ആവുംവിധത്തിലുള്ള സമ്മര്‍ദങ്ങള്‍ ചെലുത്തുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ ഉറപ്പുനല്‍കി. ജിദ്ദയില്‍ ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെങ്കിലും കൊവിഡ് വ്യാപനത്താല്‍ പ്രവാസി സമൂഹം ഒന്നാകെ ആശങ്കയിലും പ്രയാസത്തിലുമാണ് കഴിയുന്നത്. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഒട്ടേറെപ്പേര്‍ സാമ്പത്തികമായി പ്രയാസത്തിലാണ്.
കൂട്ടായ്മ അടക്കം പല സന്നദ്ധസംഘടനകളും സഹായത്തിനും ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുന്നതിനും രംഗത്തുണ്ടെങ്കിലും ദിവസം കഴിയുന്തോറും പലരുടെയും പ്രയാസങ്ങള്‍ വര്‍ധിക്കുകയാണ്. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്ക് അതിനുള്ള സാഹചര്യമുണ്ടാവേണ്ടതുണ്ട്. മങ്ങിവരുന്നവരുടെ മക്കളുടെ തുടര്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതോടൊപ്പം തൊഴില്‍സാധ്യതകള്‍ക്കുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് കൂട്ടായ്മ അംഗങ്ങള്‍ എംഎല്‍എ മുമ്പാകെ പറഞ്ഞു. പ്രവാസിയായിരുന്ന പിതാവിന്റെ മകനെന്ന നിലയില്‍ പ്രവാസികളുടെ കാര്യങ്ങള്‍ തനിക്ക് നന്നായി അറിയാം. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ പ്രധാമന്ത്രിക്കും മുഖ്യമന്ത്രിക്കും വളരെ നേരത്തെ തന്നെ കത്തയക്കുകയും സമ്മര്‍ദം ചെലുത്താവുന്നിടങ്ങളിലെല്ലാം സമ്മര്‍ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുകയാണെന്നും അന്‍വര്‍ സാദത്ത് മറുപടി നല്‍കി.
തിരിച്ചുവരുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കും അതിനോട് അനുബന്ധിച്ച നടപടികള്‍ക്കും എല്ലാ പിന്തുണയും നല്‍കിവരികയാണ്. ക്വാറന്റൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മടങ്ങിവരുന്നവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം എംഎല്‍എ എന്ന നിലയില്‍ താനും ആലുവയിലെ സന്നദ്ധപ്രവര്‍ത്തകരുമുണ്ടാവുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ഷാ ആലുവ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ പി എം മായിന്‍കുട്ടി, സെയ്ദ് മുഹമ്മദ്, അബ്ദുല്‍ റഷീദ്, കോ- ഓഡിനേറ്റര്‍ സുബൈര്‍ മുട്ടം, മുന്‍ പ്രസിഡന്റ് ഡോ.സിയാവുദ്ദീന്‍, കമ്മിറ്റി അംഗങ്ങളായ സമദ് വെളിയത്തുനാട്, സുബൈര്‍ പാനായിക്കുളം, നാട്ടില്‍നിന്ന് റസ്സാഖ് എടവനക്കാട്, ജനറല്‍ സെക്രട്ടറി ഫൈസല്‍ തൊട്ടുംമുഖം ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ ആലുവ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.