ഇടതുസര്‍ക്കാരും കേരളാ പോലിസും ആര്‍എസ്എസ്സിന് ദാസ്യവേല ചെയ്യുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജുബൈല്‍: ഇടതുസര്‍ക്കാരും കേരളാ പോലിസും ആര്‍എസ്എസ്സിന് ദാസ്യവേല ചെയ്യുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സ്‌റ്റേറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാന്‍ പോലിസും സര്‍ക്കാരും ശ്രമിക്കുന്നു. രാജ്യത്താകമാനം വര്‍ഗീയതയുടെയും വംശീയതയുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തെ കലാപഭൂമിയാക്കാനുമുള്ള സംഘപരിവാര്‍ സംഘടനകളുടെ കുടിലിത ശ്രമങ്ങളെ നവമാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്നവര്‍ക്കെതിരേ കള്ളക്കേസ് ചുമത്തി ജയിലിടയ്ക്കുന്നതിലൂടെ പോലിസ് ചെയ്യുന്നത് ആര്‍എസ്എസ് താല്‍പര്യങ്ങളെ പരസ്യമായി സംരക്ഷിക്കലാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് പൂര്‍ണമായി ആര്‍എസ്എസ്സിനു തീറെഴുതിക്കഴിഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന അതേ ജനാധിപത്യവിരുദ്ധ നടപടികളാണ് ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരം സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസ്സിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 90ലധികം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ 33 പേര്‍ക്കെതിരേ അറസ്റ്റും. അറസ്റ്റ് ചെയ്തവരില്‍ പലരും ജയിലിനുള്ളിലാണുള്ളത്.
പോലിസിന്റെ ഈ കാപട്യം തിരിച്ചറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള സഖാക്കന്‍മാരാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലിസിന്റെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരേ ശക്തമായി ശബ്ദമുയര്‍ത്തുന്നത്. ഇടതുസര്‍ക്കാര്‍ പോലിസിന്റെ ആര്‍എസ്എസ് സംരക്ഷണത്തിന് കൂച്ചുവിലങ്ങിടാനും ആര്‍എസ്എസ്സിന് ദാസ്യവേല ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അവശ്യപ്പെട്ടു. വെസ് പ്രസിഡന്റ് മുസ്തഫ ഖാസിമി തൊടുപുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്‍ ആലപ്പുഴ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി കുഞ്ഞിക്കോയ താനൂര്‍ വിഷയാവതരണം നടത്തി. സെക്രട്ടറി അന്‍സാര്‍ കോട്ടയം സംസാരിച്ചു.