വംശീയ ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തുക: യൂത്ത് ഇന്ത്യ
ഇന്ത്യന്‍ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച്, മുസ്‌ലിംകളെ അപരരായി പ്രഖ്യാപിക്കാനുള്ള ഭരണകൂടത്തിന്റെ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഈ ബില്ലിലൂടെ.
ദമ്മാം: മുസ്‌ലിംകളെ വംശീയ ഉന്‍മൂലനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുന്ന, വംശീയതയുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പൗരത്വ ബില്ലിനെതിരേ പ്രവാസികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് യൂത്ത് ഇന്ത്യ ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ച്, മുസ്‌ലിംകളെ അപരരായി പ്രഖ്യാപിക്കാനുള്ള ഭരണകൂടത്തിന്റെ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുകയാണ് ഈ ബില്ലിലൂടെ. പ്രതിപക്ഷ പാര്‍ട്ടികളെയും ജനാധിപത്യ വാദികളെയും വിവിധ ഭീഷണികളിലൂടെ നിശബ്ദരാക്കി ബില്ല് പാസാക്കിയെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളുടെയും ജനാധിപത്യത്തിന്റെ ആത്മാവിന്റെയും വ്യക്തമായ നിഷേധമായ പൗരത്വബില്ലിനെയും അതിന്റെ കൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വ രജിസ്റ്ററിനെയും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ മനുഷ്യരും ബഹിഷ്‌കരിക്കണം. ബില്ല് പാസാക്കിയെടുക്കുന്ന വംശീയ മുന്‍വിധികളുള്ളവര്‍ നടപ്പാക്കുന്ന ഇത്തരം സംവിധാനങ്ങളിലൂടെ എന്ത് രേഖകള്‍ ഹാജരാക്കിയാലും അവരുദ്ദേശിക്കുന്നവരെ പുറത്താക്കാനാകും. മാത്രമല്ല പ്രത്യേക വിഭാഗങ്ങളുടെ പൗരത്വത്തെയും അസ്തിത്വത്തെയും സംശയത്തിന്റെ നിഴലിലാക്കി പേടിപ്പിച്ച് ഭരിക്കാനും രണ്ടാം തരം പൗരന്മാരെ സൃഷ്ടിക്കാനുമുള്ള പദ്ധതിയാണിത്.
പ്രവാസി സമൂഹവും മത സാംസ്‌കാരിക സംഘടനകളും ഈ വിഷയത്തില്‍ നീതിയോടൊപ്പം നിലയുറപ്പിക്കുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്യണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെടുന്നു.