സംഘപരിവാറിന്റെ ഒളിയജണ്ടകള്‍ മറനീക്കി പുറത്തുവരുന്നു: സോഷ്യല്‍ ഫോറം

Update: 2020-09-22 05:02 GMT

ജിദ്ദ: രാജ്യത്ത് ഹിന്ദുത്വഭരണം പൂര്‍ണമാക്കാനുള്ള തത്രപ്പാടില്‍ സംഘപരിവാര്‍ സകലകുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാള്‍ സ്വദേശികളായ യുവാക്കളെ എന്‍ഐഎ പിടികൂടിയ സംഭവമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു. യുഎഇ കോണ്‍സുലേറ്റ് വഴി നടത്തിയ സ്വര്‍ണക്കടത്തിന്റെ അന്വേഷണം ഒരു കേന്ദ്രമന്ത്രിയിലേക്കും സംഘപരിവാര്‍ നേതാക്കളിലേക്കും എത്തുന്നതിനെ തടയിടാനും മറ്റു ചിലരെ ബലിയാടാക്കി രംഗം കലുഷിതമാക്കാനുമുള്ള ഉന്നതതല ഗൂഢാലോചയുടെ ഭാഗമാണ് പെരുമ്പാവൂരിലെ അല്‍ഖായിദ നാടകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.

അന്തര്‍സംസ്ഥാന തൊഴിലാളികളെ, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍നിന്നുള്ള ചെറുപ്പക്കാരെ പിടികൂടി കൊഴുപ്പേകുന്ന വാര്‍ത്തകള്‍ നിരത്തി നാട്ടില്‍ അരാജകത്വഭീതി വിതയ്ക്കുന്നത് ആര്‍എസ്എസ്സിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള തന്ത്രമാണെന്നും യോഗം വിലയിരുത്തി. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നാഗ്പൂരില്‍നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ ഒന്നരക്കോടി രൂപയുടെ കള്ളപ്പണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമോ മാധ്യമവിചാരണയോ ഇല്ലാതെ പോവുന്നത് ആരുടെ താല്‍പര്യത്തോടെയാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപി നേരിട്ട് ഭരണത്തിലില്ലാത്ത കേരളത്തിലും ബംഗാളിലും മേല്‍ക്കൈ നേടാനുള്ള കുടിലതന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെന്നും യോഗം വിലയിരുത്തി.

അതേ സമയം, മിലിട്ടറി ഉദ്യോഗസ്ഥരടക്കമുള്ള ഹിന്ദുത്വര്‍ ചാരപ്രവൃത്തികളിലും ദേശദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതും പിടിക്കപ്പെടുന്നതും ദേശീയമാധ്യമങ്ങള്‍ പോലും വര്‍ത്തയാക്കാന്‍ മടിക്കുന്നത് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനോ അതോ ഭീഷണികള്‍ക്കു വഴങ്ങിയാണോ എന്ന് അറിയാന്‍ കൗതുകമുണ്ട്. നയതന്ത്ര ബാഗേജ് വഴി നിരന്തരം കള്ളക്കടത്ത് നടത്തിയ സംഘപരിവാര ബന്ധമുള്ള വമ്പന്‍ സ്രാവുകളെ രക്ഷിച്ചെടുക്കാനായി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചിലരെ കുരുതികൊടുത്ത് പൊതുജനത്തെ വിഡ്ഡികളാക്കുകയും രാഷ്ട്രീയമുതലെടുപ്പ് നടത്തുകയുമാണ് ഹിന്ദുത്വര്‍.

എന്നാല്‍, ആര്‍എസ്എസ്സിന്റെ ഒളിയജണ്ടകള്‍ തിരിച്ചറിയാതെ എച്ചില്‍ക്കഷണത്തിനുവേണ്ടി കടിപിടികൂടുകയാണ് സംസ്ഥാന ഭരണകൂടവും പ്രതിപക്ഷവും. കപടദേശീയത ഉയര്‍ത്തിക്കാട്ടി ഹിന്ദുത്വര്‍ നടത്തുന്ന കോലാഹലങ്ങള്‍ തിരിച്ചറിയാതെ പോയാല്‍ രാജ്യത്തിന്റെ അഖണ്ഡത അപകടത്തിലാവുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം, അബ്ദുല്‍ ഗനി മലപ്പുറം, മുജാഹിദ് പാഷ, സയ്യിദ് കലന്തര്‍, അല്‍ അമാന്‍ നാഗര്‍കോവില്‍, നാസര്‍ ഖാന്‍, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി, ഫൈസല്‍ മമ്പാട്, ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News