ഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
അടച്ചിട്ട വീടുകളിലും നിര്‍മ്മാണം നടക്കുന്ന കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്നത്.
ഷാര്‍ജ: ഷാര്‍ജ പോലിസ് ഒരുക്കിയ സുരക്ഷാ സംവിധാനത്തെ തുടര്‍ന്ന് എമിറേറ്റിലെ 98 ശതമാനം ജനങ്ങളും സുരക്ഷിതത്വം അനുഭവിക്കുന്നവരാണന്ന് ഷാര്‍ജ പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സആരി അല്‍ ശംസി വ്യക്തമാക്കി. സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന തലക്കെട്ടില്‍ പോലിസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ഏഴാമത് വാര്‍ഷിക മീഡിയ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം തീരുമാനിച്ച ലക്ഷ്യങ്ങള്‍ വലിയ മുന്നേറ്റം തന്നെ നടത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുക എന്നതാണ് ഭാവിയിലെ ലക്ഷ്യം. പുതിയ തലമുറക്ക് സുരക്ഷ ഒരുക്കാന്‍ ഇത് അത്യാവശ്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ശരാശരി നിരക്ക് 10 ലക്ഷം പേരില്‍ 37.12 എന്ന നിലയിലാണുള്ളത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം കുറഞ്ഞത് വലിയ നേട്ടമാണ്.
റോഡപകടങ്ങളില്‍ ശരാശരി എണ്ണം 10,000 വാഹനങ്ങള്‍ക്ക് ഏഴ് അപകടമാക്കി ചുരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം കുറവാണിത്. ഷാര്‍ജ പോലിസിന്റെ വിവിധ വകുപ്പ് മേധാവികള്‍ കഴിഞ്ഞ വര്‍ഷത്തെ സാഹചര്യത്തെ കുറിച്ച് സംസാരിച്ചു. ഷാര്‍ജയില്‍ നടക്കുന്ന ഏറ്റവും കൂടുതലുള്ള കുറ്റകൃത്യം മോഷണമാണ്. അടച്ചിട്ട വീടുകളിലും നിര്‍മ്മാണം നടക്കുന്ന കേന്ദ്രങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്നത്. ഇവയൊന്നും തന്നെ സംഘടിതമായി നടക്കുന്ന കുറ്റകൃത്യങ്ങളല്ലെന്നും പോലീസ് മേധാവി വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മയക്ക് മരുന്ന കേസുകളില്‍ 7.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ റാബിഅ പറഞ്ഞു.
ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി 65,799 കേമറകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായതായി ഇലക്ട്രോണിക്സ് സര്‍വീസസ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ നാസര്‍ ബിന്‍ അഫ്സാന്‍ പറഞ്ഞു. ഷാര്‍ജയിലെ 85 ശതമാനം പ്രദേശങ്ങളും കേമറകളുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാഫിക്ക് ആന്റ് പെട്രോള്‍ വകുപ്പ് മേധാവി ലഫ്. കേണല്‍ മുഹമ്മദ് അലി അല്‍ നഖ്ബി പറഞ്ഞു.