തുഷാറിനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരേ രൂക്ഷ വിമര്‍ശനം

വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ പിടിയിലായ എന്‍ഡിഎ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച മുഖ്യമന്ത്രിക്കെതിരേ സ്വന്തം പാര്‍ട്ടി അണികളിലും സോഷ്യല്‍ മീഡിയയിലും രൂക്ഷ വിമര്‍ശനം. ചെറിയ സാമ്പത്തിക കേസില്‍ പെട്ട് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് മലയാളികള്‍ ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുമ്പോള്‍ അവരെ മോചിപ്പിക്കാന്‍ ശ്രമിക്കാതെ തുഷാറിനെ രക്ഷിക്കാനുള്ള ശ്രമമാണ് വിമര്‍ശിക്കപ്പെടുന്നത്‌

Update: 2019-08-22 14:35 GMT

ദുബയ്: വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ പിടിയിലായ എന്‍ഡിഎ നേതാവും വയനാട്ടിലെ ബിജെബി സ്ഥാനാര്‍ത്ഥിയുമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ച മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടി അണികളിലും സോഷ്യല്‍ മീഡിയയിലും രൂക്ഷ വിമര്‍ശനം. ചെറിയ സാമ്പത്തിക കേസില്‍ പെട്ട് പാര്‍ട്ടി അനുഭാവികള്‍ ഉള്‍പ്പടെയുള്ള നൂറ് കണക്കിന് മലയാളികള്‍ ഗള്‍ഫിലെ വിവിധ ജയിലുകളില്‍ കഴിയുമ്പോള്‍ അവരെ മോചിപ്പിക്കാന്‍ ശ്രമിക്കാതെ സ്വന്തം പാര്‍ട്ടിയുടെ കടുത്ത ശത്രുവായ തുഷാറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി അണികളടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്.

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ മരണത്തില്‍ നിന്നും രക്ഷിച്ച് പുറത്തെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദ് കരുവിശ്ശേരിയെ വംശീയമായി അധിക്ഷേപിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഗള്‍ഫിലടക്കമുള്ള പാര്‍ട്ടി അണികളെ പോലും അത്ഭുതപ്പെടുത്തുന്നത്. തുഷാറിന് വേണ്ട എല്ലാ വൈദ്യ, നിയമ സഹായങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ സിക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. സമുദായത്തിന്റെ പേര് പറഞ്ഞ് സ്വന്തമായി ബിസിനസ്സ് സാമ്രാജ്യം ഉയര്‍ത്തുന്ന അച്ചനും മകനും ഉപ്പ് തിന്നാല്‍ വെള്ളം കുടിക്കുക തന്നെ ചെയ്യേണ്ടി വരുമെന്ന് ഗള്‍ഫിലെ ഈഴവ സംഘടനയായ സേവനം പ്രതിനിധികള്‍ പറഞ്ഞു. എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റും അച്ചനും മകനും അളിയനും കുടുംബ സ്വത്തായി കൊണ്ട് നടക്കുകയാണന്നും സേവനം പ്രവര്‍ത്തകര്‍ ആരോപിച്ചു.

നിരവധി രോഗങ്ങള്‍ അലട്ടുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടും അദ്ദേഹത്തിനായി പിണറായി വിജയന്‍ ഒരു ശ്രമവും നടത്തിയില്ലെന്നും സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി അണികളടക്കമുള്ളവര്‍ വിമര്‍ശിക്കുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കേരള പോലിസ്, തുഷാറിനെതിരേ കേസ് ഫയല്‍ ചെയ്ത നാസിര്‍ അബ്ദുല്ലയുടെ തൃശ്ശൂരിലെ വീട്ടില്‍ പരിശോധന നടത്തിയതില്‍ അത്ഭുതപ്പെടാനില്ലെന്നും ഒരു വിഭാഗം പ്രതികരിക്കുന്നു.

Tags:    

Similar News