ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ നാലുമുതല്‍; ആദ്യഘട്ടം സൗദിയിലുള്ളവര്‍ക്ക് മാത്രം അനുമതി

ഒക്ടോബര്‍ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം.

Update: 2020-09-23 02:55 GMT

റിയാദ്: ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മൂന്നുഘട്ടമായാണ് ഉംറ തീര്‍ത്ഥാടനം തുടങ്ങുക. ആദ്യഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറ ചെയ്യാന്‍ അനുമതി നല്‍കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. ഒക്ടോബര്‍ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം.

ഒക്ടോബര്‍ 17 വരെ ആറായിരം പേര്‍ക്ക് മാത്രമാവും പ്രതിദിനം അനുമതിയുണ്ടാവുക. ഒക്ടോബര്‍ 18 മുതല്‍ രണ്ടാംഘട്ടം തുടങ്ങും. അന്നു മുതല്‍ മൊത്തം ശേഷിയുടെ 75 ശതമാനം അല്ലെങ്കില്‍ 15,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 30 വരെ ഇത് തുടരും. 40,000 പേര്‍ക്ക് മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കാനും അനുമതിയുണ്ടാവും. മൂന്നാംഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. അന്നു മുതല്‍ എല്ലാവര്‍ക്കും ഉംറ ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. പ്രതിദിനം പരമാവധി 20,000 പേര്‍ക്ക് മാത്രമേ ഈ സമയവും അനുമതി നല്‍കൂ.

എന്നാല്‍, 60,000 പേര്‍ക്ക് ഹറമിലെ നമസ്‌കാരത്തിന് അനുമതി നല്‍കും. കൊവിഡ് മുക്തമാവുന്ന രാജ്യങ്ങള്‍ക്കും ഈ സമയം മുതല്‍ ഘട്ടംഘട്ടമായി അനുമതി നല്‍കും. കൊവിഡ് പൂര്‍ണമായും ഇല്ലാതായതിന് ശേഷമേ എല്ലാ വിദേശരാജ്യങ്ങളിലുള്ളവര്‍ക്കും ഉംറയ്ക്ക് അനുമതിയുണ്ടാവൂ. ഉംറയ്ക്ക് ആളുകള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാവുന്നുണ്ട്. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്കാവും കര്‍മങ്ങള്‍ക്ക് എത്താനാവുക. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ ക്രമീകരണം.

Tags:    

Similar News