ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞ് നാലാഴ്ചത്തേക്ക് നീട്ടിവെച്ച സുപ്രീം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണെന്നും സോഷ്യല്‍ ഫോറം വിലയിരുത്തി.
ദമ്മാം: രാജ്യത്തെ ജനങ്ങളുടെ പൗരാവകാശങ്ങളെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ തുടങ്ങിയ ഭീകര നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ഇന്ത്യയില്‍ പ്രക്ഷോഭങ്ങള്‍ തുടരണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് എതിരായ കിരാത നിയമത്തിനെതിരേ ആബാല വൃദ്ധം ജനങ്ങള്‍ തെരുവില്‍ നിലയുറപ്പിച്ചിരിക്കുന്നു.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 144 ഓളം ഹരജികളില്‍ വിവാദ നിയമത്തിനുമേല്‍ സ്‌റ്റേ ഇല്ലെന്നു പറഞ്ഞ് നാലാഴ്ചത്തേക്ക് നീട്ടിവെച്ച സുപ്രീം കോടതി നടപടി സംശയാസ്പദവും നിരാശാ ജനകവുമാണെന്നും സോഷ്യല്‍ ഫോറം വിലയിരുത്തി.
പരമോന്നത കോടതി ഭരിക്കുന്ന സര്‍ക്കാരിന്റെ താല്പര്യം സാധിക്കുന്നവരായി മാറാതെ ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക എന്ന മഹത്തായ ഉത്തരവാദിത്വമാണു നിര്‍വഹിക്കേണ്ടത്. ഭരണഘടനാവിരുദ്ദമായ ഈ നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രക്ഷോഭത്തില്‍ നിന്നു പിന്മാറരുതെന്നും ആര്‍എസ്എസ് അജണ്ടകളെ തിരിച്ചറിഞ്ഞ് സമൂഹത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് രാജ്യരക്ഷക്കായി ജനങ്ങളോടൊപ്പം നില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചണിനിരക്കണമെന്നും സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
നാട്ടില്‍ നടക്കുന്ന സമാധാനപരവും ശക്തവുമായ പ്രക്ഷോഭങ്ങള്‍ക്ക് സ്‌റ്റേറ്റ് കമ്മിറ്റി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. യോഗത്തില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റായി നാസര്‍ ഒടുങ്ങാടിനെയും, സെക്രട്ടറിയായി മന്‍സൂര്‍ എടക്കാടിനെയും തിരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുബാറക് വസീം ഉടുപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക് സ്വാഗതവും സെക്രട്ടറി അന്‍സാര്‍ കോട്ടായം നന്ദിയും പറഞ്ഞു.