ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മേഖലയിലെ സുരക്ഷാ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി മന്ത്രാലയം
പ്രദേശത്തേക്ക് കടക്കുവാനും പുറത്തു പോകാനുമുള്ള എല്ലാ വഴികളിലും സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം സമ്പൂർണ്ണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയ ജിലീബ് അൽ ശുയൂഖ് പ്രദേശത്തിന്റെ സുരക്ഷാ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോർട്ട് ചെയ്തു. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ മറ്റൊരു പ്രദേശമായ മഹബൂലയിലയിൽ ആഭ്യന്തര മന്ത്രാലയത്തിന് പുറമേ ദേശീയ സേനയുടെയും മേൽനോട്ടത്തിലായിരിക്കും സുരക്ഷാ നടപടികൾ നടപ്പിലാക്കുകയെന്നും പത്രം റിപോർട്ട് ചെയ്യുന്നു.
രാജ്യത്ത് ഈ പ്രദേശങ്ങളിലെ മുഴുവൻ താമസക്കാരെയും കൊറോണ വൈറസ് പരിശോധന നടത്താനുള്ള ആലോചനയും നടന്നു വരുന്നുണ്ട്. ഇതിനായി ജിലീബ് പ്രദേശത്തിന്റെ തൊട്ടരികിൽ സ്ഥിതി ചെയ്യുന്ന ഷൈഖ് ജാബിർ സ്റ്റേഡിയത്തിൽ സജ്ജീകരണം നടത്തി വരികയാണെന്നാണ് വിവരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടിടങ്ങളിലും ഇന്നലെ മുതലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
ജിലീബ് പ്രദേശത്ത് പ്രധാന റോഡുകളുടെ ഇടയിൽ കമ്പി വേലി കെട്ടി വേർ തിരിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രദേശത്തേക്ക് കടക്കുവാനും പുറത്തു പോകാനുമുള്ള എല്ലാ വഴികളിലും സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. കർഫ്യൂ പാസുള്ളവർ , ആരോഗ്യ പ്രവർത്തകർ , സർക്കാർ പദ്ധതികളിലെയും കരാർ കമ്പനികളിലെയും ജീവനക്കാർ മുതലായവരെ മാത്രമേ ഇന്ന് പുറത്തേക്ക് സഞ്ചരിക്കാൻ അനുവദിച്ചത്.
കഴിഞ്ഞ ദിവസം ലോക്ക്‌ഡൗൺ പ്രഖ്യാപനത്തിന് മുമ്പ് ജിലീബിലെ നിരവധി താമസക്കാർ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറാൻ നടത്തിയ ശ്രമം പ്രദേശം മുഴുവൻ വളഞ്ഞ് കൊണ്ടാണു സുരക്ഷാ ഉദ്യോഗസ്ഥർ തടയിട്ടത്. നിർമാണ കമ്പനികളിലെ തൊഴിലാളികളായിരുന്നു ഇവരിൽ ഭൂരിഭാഗവും. ഇതിനകം പ്രദേശത്ത് നിന്നും മാറിയ മുഴുവൻ പേരും തിരിച്ചെത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം രാജ്യത്തെ നിർമാണ തൊഴിലാളികൾ താമസിക്കുന്ന ഏറ്റവും വലിയ പ്രദേശമായ മഹബൂലയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് മൂലം ജന ജീവിതത്തെ സാരമായി ബാധിച്ചു. പല നിർമാണ കമ്പനികളിലേയും തൊഴിലാളികൾക്ക് കർഫ്യൂ പാസ് ലഭിക്കാത്തതിനാൽ പല സ്ഥാപനങ്ങളും ഇന്ന് പ്രവർത്തനം നിർത്തിവെച്ചതായാണ് റിപോർട്ട്.
സ്വദേശി മേഖലകളിൽ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനു മുൻസിപ്പൽ അധികൃതരും ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നിരവധി വീടുകളിൽ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുവനാണ് മുൻസിപ്പൽ അധികൃതർ ജല വൈദ്യുതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.