ആവേശമായി സോഷ്യൽ ഫോറം ഈദ് മിലാൻ കൾച്ചറൽ പരിപാടി
പുതായി അണിയിച്ചൊരുക്കിയ സോഷ്യൽ ഫോറം ഒഫീഷ്യൽ വെബ്‌സൈറ്റ് (www.indiansocialforum.com) സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ സമൂഹത്തിനായി സമർപ്പിച്ചു.
ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി ഐസിസി അശോകാ ഹാളിൽ സംഘടിപ്പിച്ച ഈദ് മിലാൻ കൾച്ചറൽ പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി "സെലിബ്രേറ്റിങ് അവർ യൂനിറ്റി ഇൻ ഡൈവേഴ്‌സിറ്റി" എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കലാകാരന്മാർ പങ്കെടുത്തു. കോൽക്കളി (കേരളം) സിലമ്പം, തപ്പു (തമിഴ്‌നാട്), ടിപ്പു സുൽത്താൻ സ്കിറ്റ് (കർണാടക) തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
പുതായി അണിയിച്ചൊരുക്കിയ സോഷ്യൽ ഫോറം ഒഫീഷ്യൽ വെബ്‌സൈറ്റ് (www.indiansocialforum.com) സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ സമൂഹത്തിനായി സമർപ്പിച്ചു. ഈ വർഷം മുതൽ തുടക്കം കുറിച്ച "അബ്ദുല് ലത്തീഫ് മടിക്കേരി മെമ്മോറിയൽ ഹ്യുമാനിറ്റേറിയൻ ആക്ടിവിസ്റ്റ് അവാർഡ്" മുഖ്യാതിഥി ഐസിസി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു തമിഴ്‌നാട് സ്വദേശിയും സോഷ്യൽ ഫോറം സെക്രട്ടറിയുമായ ബഷീർ അഹ്‌മദിന് നൽകി. സോഷ്യൽ ഫോറം സെക്രട്ടറിയായിരുന്ന അബ്ദുൽ ലത്തീഫ് മടിക്കേരി ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കിടയിൽ സമർപ്പിച്ച സേവന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ സോഷ്യൽ ഫോറം ഇത്തരമൊരു അവാർഡിന് തുടക്കം കുറിച്ചത്.
വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വിനോദ് നായർ (ഐസിബിഎഫ്) ഫയാസ് അഹമ്മദ് (കെഎംസിഎ), ഷഫഖാത്ത് (എച്ച്ഐഎഫ്), ഹസ്സൻ (സേഫ്റ്റി പ്ലസ്), സിയാഉൽ ഹഖ്, ഇംതിയാസ് (എഎംയു) തുടങ്ങിയവർ അതിഥികളായിരുന്നു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറിമാരായ ഉസ്മാൻ മുഹമ്മദ് സ്വാഗതവും സഈദ് കൊമ്മാച്ചി നന്ദിയും പറഞ്ഞു.