മസ്ജിദ് അൽ ഹറമും മസ്ജിദുന്നബവിയും ഉടൻ തുറക്കും
ജനങ്ങൾ കൂടുതലായി സമ്മേളിക്കുന്ന ഇഫ്താർ, ഇഹ്തികാഫ് എന്നിവയ്ക്ക് അനുമതിയില്ല.
ദമ്മാം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മസ്ജിദുൽ ഹറമിലും മസ്ജിദുന്നബവിയിലും സംഘടിത നമസ്കാരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നു. സൗദി അറേബ്യയിലെ രണ്ട് വിശുദ്ധ പള്ളികളും വിശ്വാസികൾക്കായി ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
അണുനശീകരണ പ്രക്രിയ പൂർത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കുന്നതിനു മുമ്പ് എല്ലാവരുടെയും ആരോഗ്യക്ഷമത പരിശോധിക്കും. കൊവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. എന്നാൽ ജനങ്ങൾ കൂടുതലായി സമ്മേളിക്കുന്ന ഇഫ്താർ, ഇഹ്തികാഫ് എന്നിവയ്ക്ക് അനുമതിയില്ല.
ഇരു പള്ളികളിലും നടക്കുന്ന അണുനശീകരണ പ്രവർത്തനങ്ങളിൽ സൗദി ആരോഗ്യ ഉദ്യോഗസ്ഥർ സജീവമായി പങ്കെടുക്കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളും സാമഗ്രികളുമാണ് വൃത്തിയാക്കാനും അണുവിമുക്തമാക്കാനും ഉപയോഗിക്കുന്നത്.