ന്യൂയോര്‍ക്: മുന്‍ യു എസ് ഓപണ്‍ ചാംപ്യനും നിലവിലെ രണ്ടാം നമ്പര്‍ പുരുഷ താരവുമായ റോജര്‍ ഫെഡററിന്റെ അട്ടിമറി ഹതഭാഗ്യം നദാലിന്റെ മേല്‍ പതിഞ്ഞില്ല. എറ്റിപി ലോക ഒമ്പതാം നമ്പര്‍ താരം ഡേവിഡ് ഗോഫിനെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തി സെമിയിലേക്ക് മുന്നേറി.
നാല് മണിക്കൂറും 54 മിനിറ്റും നീണ്ട മല്‍സരത്തിനൊവില്‍ 0-6,6-4,7-5,6-7,7-6 എന്ന സ്‌കോറിനാണ് നദാല്‍ ഗോഫിനെ മുട്ടുകുത്തിച്ചത്. അത്യന്തം വാശിയേറിയ മല്‍സരമായിരുന്നു യു എസ് ഓപണിന്റെ സെമി ലക്ഷ്യമിട്ടിറങ്ങിയ നദാലും ഗോഫിനും തമ്മില്‍ അരങ്ങേറിയത്. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് ഗോഫിന്‍ നദാലിനെ വീഴ്ത്തിയത്. എന്നാല്‍ പിന്നീടുള്ള സെറ്റുകളില്‍ സിംഹത്തെ പോലെ സടകുടന്നെഴുന്നേറ്റു വന്ന നദാല്‍ മികച്ച പോരാട്ടം തന്നെ പുറത്തെടുത്ത് ഗോഫിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുരുഷന്‍മാരുടെ മറ്റൊരു ക്വാര്‍ട്ടറില്‍ 11ാം നമ്പര്‍ താരം ജോണ്‍ ഇസ്‌നറെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാം നമ്പര്‍ താരം ഡെല്‍ പോട്രോ സെമിയിലേക്ക് കുതിച്ചു. സ്‌കോര്‍ 6-7,6-3,7-6,6-2. സെമിയില്‍ ഡെല്‍ പോട്രോയെയാണ് നദാല്‍ നേരിടുക.
വനിതകളുടെ ക്വാര്‍ട്ടറില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സെമിയില്‍ കുതിച്ചപ്പോള്‍ 2017ലെ യു എസ് ഓപണ്‍ ജേത്രി സ്ലൊവാനി സ്റ്റീഫന്‍സിന് അട്ടിമറി തോല്‍വി പിണഞ്ഞു. ലോക 18ാം നമ്പര്‍ താരം അനസ്‌തേഷ്യ സെവസ്റ്റോവയാണ് ലോക മൂന്നാം നമ്പര്‍ താരമായ സ്റ്റീഫന്‍സിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-2,6-3. നേരത്തേ ലോക ഏഴാം നമ്പര്‍ താരം എലീന സ്വിറ്റോളിനയെ പ്രീ ക്വാര്‍ട്ടറില്‍ സെവസ്റ്റോവ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍ യു എസ് ഓപണ്‍ ജേത്രിയായ സെറീന ലോക എട്ടാം നമ്പര്‍ താരം കരോളിന പ്ലിസ്‌കോയ്ക്കാണ് മടക്ക ടിക്കറ്റ്് നല്‍കിയത്. സ്‌കോര്‍ 6-4,6-3. സെമിയില്‍ സെറീനയും സെവസ്റ്റോവയും തമ്മില്‍ മാറ്റുരയ്ക്കും.