സോള്‍: കൊറിയ ഓപണില്‍ ആതിഥേയ രാജ്യത്തിന്റെ കിം ഗാ ഉനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-18, 21-18) തോല്‍പിച്ച് ഇന്ത്യയുടെ മുന്‍ ലോക ഒന്നാംനമ്പര്‍ താരം സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 36 മിനിട്ട് മാത്രം നീണ്ട മല്‍സരത്തില്‍ എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സൈന കാഴ്ചവച്ചത്. സമീര്‍ വര്‍മയും വൈഷ്ണവി റെഡ്ഡിയും പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരവും ഈ 28കാരി തന്നെ.
ആദ്യ ഗെയിമില്‍ സൈന 6-1ന്റെ ലീഡ് നേടി. എന്നാല്‍ എതിരാളി 16-16ലേക്ക് തിരിച്ചുവന്നെങ്കിലും 21-18ന് ഗെയിം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ കൊറിയന്‍ താരം അഞ്ചു പോയിന്റ് നേടിയെങ്കിലും ശക്തമായി പോരാടിയ സൈന 13-13ലെത്തിയ ശേഷം 21-18ന് വിജയിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ 2017ലെ ലോക ചാംപ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സൈനക്കു നേരിടാനുള്ളത്.