പാരീസ്: ഇന്ത്യന്‍ താരങ്ങളായ കിഡംബി ശ്രീകാന്തും പി വി സിന്ധുവും സൈന നെഹ്‌വാളും ഫ്രഞ്ച് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറില്‍ സൈനയും ശ്രീകാന്തും ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയതിന് ശേഷം തിരിച്ചടിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നതെങ്കില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച സിന്ധുവിന്റെ ജയം. ലോക 21ാം നമ്പര്‍ താരം ജപ്പാന്റെ സയാക സാറ്റോയെയാണ് സിന്ധു മുട്ടുകുത്തിച്ചത്. സ്‌കോര്‍ 21-17,21-16. പുരുഷ സിംഗിള്‍സില്‍ ലോക ആറാം നമ്പര്‍ താരമായ ശ്രീകാന്ത്് കൊറിയയുടെ ലോക 25ാം നമ്പര്‍ താരം ഡോങ് കുന്‍ ലീയെ 12-21, 21-16, 21-18 ന് തോല്‍പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ വനിതകളില്‍ ലോക ആറാം നമ്പര്‍ താരം ജപ്പാന്റെ നസോമി ഒകുഹാരയെയാണ് സൈന കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 10-21, 21-14, 21-17. ക്വാര്‍ട്ടറില്‍ ഇരുവരും ഇരു വിഭാഗങ്ങളിലെയും ലോക ഒന്നാം നമ്പര്‍ താരങ്ങളെയാണ് നേരിടുക. ശ്രീകാന്ത് ജപ്പാന്റെ കെന്റോ മൊമോട്ടയുമായി മാറ്റുരയ്ക്കുമ്പോള്‍ തായ്‌പെയും തായ് സു യിങാണ് സൈനയെ കാത്തിരിക്കുന്നത്.
പുരുഷ സിംഗിള്‍സില്‍ ലോക 16ാം നമ്പര്‍ ചൈനീസ് സഖ്യമായ ഹി ജിതിങ്-താന്‍ ക്യാങ് ജോടിയെ പരാജയപ്പെടുത്തി ലോക 25ാം സഖ്യമായ ഇന്ത്യയുടെ സാത്വിക്‌സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. സ്‌കോര്‍ 21-13,21-19.