സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം; മത്സരങ്ങള്‍ക്ക് നാളെ തുടക്കം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു കൊച്ചിയില്‍ തുടക്കം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്നു വൈകിട്ട് നാലിനു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികള്‍ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിയും കായികമേള ബ്രാന്‍ഡ് അംബാസഡര്‍ ഒളിംപ്യന്‍ പി.ആര്‍. ശ്രീജേഷും ചേര്‍ന്നു ദീപശിഖ തെളിയിക്കുന്നതോടെ കൗമാര കരുത്തിന്റെ കായിക മാമാങ്കത്തിനു കൊടിയുയരും.
മാര്‍ച്ച് പാസ്റ്റില്‍ 3500 വിദ്യാര്‍ഥികളും സാംസ്‌കാരിക പരിപാടികളില്‍ 4000 വിദ്യാര്‍ഥികളും അണിനിരക്കും. കായികമേളയിലെ മത്സരങ്ങള്‍ നാളെ മുതല്‍ മാത്രമേ തുടങ്ങൂ. ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ഥികളുടെ അത്ലറ്റിക്‌സാണ് ആദ്യ ഇനം. 11നാണു മേള സമാപിക്കുക. കായികമേളയില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ മുഴുവന്‍ കായിക താരങ്ങള്‍ക്കും മെമന്റോ നല്‍കും.
വിശ്വകായികമേളയായ ഒളിംപിക്‌സിന്റെ ഉദാത്തമായ ആശയങ്ങളെ സ്‌കൂള്‍ കുട്ടികളിലേക്കു പ്രചരിപ്പിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാലാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ കായികമേള ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പങ്കാളിത്തംകൊണ്ടു ലോകത്തെ ഏറ്റവും വലിയ കായിക വേദികളിലൊന്നാണിത്. ഇത്തവണ മുതല്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴും ഒളിംപിക്‌സ് മാതൃകയില്‍ 'കേരള സ്‌കൂള്‍ കായികമേള' എന്ന പേരില്‍ കായികോത്സവം സംഘടിപ്പിക്കാനാണു നിലവിലെ തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഒളിംപിക്‌സ് മാതൃകയില്‍ സ്‌കൂള്‍ കായികമേള സംഘടിപ്പിക്കുന്നത്.
ചരിത്രത്തിലാദ്യമായി, ഗള്‍ഫ് രാജ്യങ്ങളിലെ ആറു കേരള സിലബസ് വിദ്യാലയങ്ങളിലെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കായികപ്രതിഭകള്‍കൂടി മേളയുടെ ഭാഗമാകുന്നു. ഈ വര്‍ഷം മുതല്‍, ജേതാക്കളാകുന്ന ജില്ലയ്ക്കു മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിങ് ട്രോഫിയാണ് നല്‍കുക. കായികതാരങ്ങള്‍ക്കു പ്രതീക്ഷയ്ക്കതീതമായ നിലയിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.