കൊറോണ: ഇംഗ്ലണ്ട് താരം ഹെയ്ല്‍സ് നിരീക്ഷണത്തില്‍; പാക് താരങ്ങള്‍ ഞെട്ടലില്‍
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് ഹെയ്ല്‍സ് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. പാക് സൂപ്പര്‍ ലീഗ് സെമിഫൈനല്‍ ദിവസമാണ് കൊറോണയെ തുടര്‍ന്ന് മല്‍സരം മാറ്റിവച്ചത്.
കറാച്ചി: കൊറോണ വൈറസ് ബാധയെന്ന സംശയത്തില്‍ ഇംഗ്ലണ്ട് ഓപണര്‍ അലക്‌സ് ഹെയ്ല്‍സ് നിരീക്ഷണത്തില്‍. ഇംഗ്ലണ്ടിലെ വസതിയിലാണ് താരം നിരീക്ഷണത്തിലുള്ളത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് ഹെയ്ല്‍സ് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. പാക് സൂപ്പര്‍ ലീഗ് സെമിഫൈനല്‍ ദിവസമാണ് കൊറോണയെ തുടര്‍ന്ന് മല്‍സരം മാറ്റിവച്ചത്. ഉടന്‍തന്നെ താരം നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, ഹെയ്ല്‍സിന് പാകിസ്താനില്‍ ഉള്ളപ്പോള്‍ തന്നെ കൊറോണാ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി മുന്‍ പാക് ക്രിക്കറ്റ് താരം റമീസ് രാജ പറഞ്ഞു. കറാച്ചി കിങ്‌സിന് വേണ്ടി കളിക്കുന്ന ഹെയ്ല്‍സ് ആരെയും അറിയിക്കാതെ സ്വയം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഒരു വിദേശ താരത്തിന് കൊറോണ ബാധ സ്ഥിരീകരിച്ചെന്ന വാര്‍ത്തയും പിസിബി വക്താവ് പുറത്ത് വിട്ടിരുന്നു. എന്നാല്‍, കളിക്കാരന്റെ പേര് പിസിബി വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ, ഹെയ്ല്‍സ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് കറാച്ചി കിങ്‌സ് ടീമിന്റെ താരങ്ങളെയും കോച്ചുമാരെയും നിരീക്ഷണത്തില്‍ വയ്‌ക്കെണമെന്നും റമീസ് രാജ ആവശ്യപ്പെട്ടു. ലീഗില്‍ കളിക്കുന്ന എല്ലാ ടീമുകളിലെയും എല്ലാ താരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പിഎസ്എല്‍ അധികൃതര്‍ അറിയിച്ചു.