അബുദാബിയില്‍ അഫ്ഗാനിസ്താന്‍ നമീബിയക്കെതിരേ; അസ്ഗര്‍ അഫ്ഗാന് ഇന്ന് അവസാന മല്‍സരം
നമീബിയക്കെതിരേ ജയിച്ച് കൊണ്ട് വിടപറയാനാണ് താരത്തിന്റെ തീരുമാനം.
അബുദബി: ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ഇന്ന് നമീബിയയെ നേരിടും. ഗ്രൂപ്പ് രണ്ടിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാന്‍ സ്‌കോട്ട്‌ലന്റിനെതിരേ 130 റണ്‍സിന്റെ ജയമാണ് നേടിയത്. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ അവര്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങി. അവസാന ഓവറിലാണ് അഫ്ഗാന്‍ ജയം കൈവിട്ടത്. നമീബിയ കളിച്ച ഏക മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സെമി പ്രതീക്ഷയില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് മടങ്ങാനാണ് അഫ്ഗാന്‍ നിരയുടെ മോഹം. മല്‍സരം 3.30ന് അബുദാബിയിലാണ്.
അതിനിടെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍് ഇന്ന് തന്റെ അവസാന അന്താരാഷ്ട്ര മല്‍സരം കളിക്കും.ഇന്നത്തെ മല്‍സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 33 കാരനായ അസ്ഗര്‍ അഫ്ഗാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൂപ്പര്‍ 12ലെ പാകിസ്താനെതിരായ മല്‍സരത്തില്‍ താരത്തിന് അവസരം നിഷേധിച്ചിരുന്നു. നമീബിയക്കെതിരേ ജയിച്ച് കൊണ്ട് വിടപറയാനാണ് താരത്തിന്റെ തീരുമാനം. അഫ്ഗാനിസ്താനായി 75 ട്വന്റിയില്‍ നിന്ന് 1351 റണ്‍സും 114 ഏകദിനത്തില്‍ നിന്ന് 2424 റണ്‍സും ആറ് ടെസ്റ്റില്‍ നിന്ന് 440 റണ്‍സും നേടിയിട്ടുണ്ട്.