ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ ഏകദിന ലോകകപ്പില്‍ നിന്ന് പിന്‍മാറും; ഭീഷണിയുമായി പാകിസ്താന്‍
അടിയന്തര യോഗം ചേര്‍ന്ന പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്താനും പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
ലാഹോര്‍: അടുത്തവര്‍ഷം പാകിസ്താനില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും പിന്‍മാറുമെന്ന ഭീഷണിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ പാകിസ്താനിലേക്ക് പോകില്ലെന്നും ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയില്‍ നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ അടിയന്തര യോഗം ചേര്‍ന്ന പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്താനും പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.
2008 നവംബറിലെ മുംബൈ ആക്രമണത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. 2008ല്‍ നടന്ന ഏഷ്യാ കപ്പില്‍ കളിക്കാനായാണ് ഇന്ത്യന്‍ ടീം അവസാനമായി പാകിസ്താനിലെത്തിയത്. 2012ലാണ് ഇരു രാജ്യങ്ങളും അവസാനമായി ദ്വിരാഷ്ട്ര പരമ്പരയില്‍ കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പില്‍ കളിക്കാനായി പാക്കിസ്ഥാനിലേക്ക് പോവാന്‍ തയാറായാലും കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആവശ്യപ്പെട്ടത്. എന്നാല്‍ ബിസിസിഐയുടെ ഏകപക്ഷീയമായ ആവശ്യത്തിന് മുന്നില്‍ വഴങ്ങേണ്ടെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയില്‍ വേണമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നിന്നാല്‍ അടുത്ത വര്‍ഷം ഏകദിന ലോകകപ്പില്‍ കളിക്കാനായി ഇന്ത്യയിലേക്ക് വരാനാവില്ലെന്നും നിഷ്പക്ഷ വേദിയില്‍ ലോകകപ്പ് നത്തണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെടും. അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് പുറമെ 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കും പാക്കിസ്ഥാനാണ് വേദിയാവേണ്ടത്.