ധക്ക: 1999 മുതലുള്ള എല്ലാ ലോകകപ്പിലേക്കും യോഗ്യത നേടിയ ബംഗ്ലാദേശ് ഇത്തവണ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ടീമിന്റെ പ്രകടനവും അത്തരത്തിലുള്ളതായിരുന്നു. 2007ല്‍ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചതും 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതുമാണ് ബംഗ്ലാദേശിന്റെ ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. ആദ്യ ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ചതും 2007ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് അവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയതും ബംഗ്ലാദേശായിരുന്നു. 2017 ചാംപ്യന്‍സ് ട്രോഫി സെമിയിലെത്തിയ ടീം 2018 ഏഷ്യാ കപ്പിന്റെ ഫൈനലിലും എത്തിയിരുന്നു. ഏഷ്യയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ കഴിഞ്ഞാല്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുകള്‍ പിറന്നതും ബംഗ്ലാദേശ് താരങ്ങളില്‍ നിന്നാണ്. ഐസിസി റാങ്കിങില്‍ ശ്രീലങ്കയ്ക്കും വെസ്റ്റ്ഇന്‍ഡീസിനും മുകളിലായി ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശിന്റെ സ്ഥാനം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗ്ലാദേശ് ടീം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഏത് ടീമിനെയും അട്ടിമറിക്കാനുള്ള പ്രകടനം ബംഗാള്‍ കടുവകള്‍ക്കുണ്ട്. ഈ ലോകകപ്പോടെ വിരമിക്കുന്ന ക്യാപ്റ്റന്‍ മഷ്‌റഫെ മോര്‍ത്താസയ്ക്ക് ഇംഗ്ലണ്ടില്‍ മികച്ച വിരുന്ന് നല്‍കാനാണ് ടീമിന്റെ ആഗ്രഹം. ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഇംഗ്ലണ്ടില്‍ ബംഗ്ലാദേശ് ഇറക്കുന്നത്.
ടീം: മഷ്‌റഫെ മോര്‍ത്തസെ, തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, സബീര്‍ റഹ്മാന്‍, മഹുമ്മദുള്ള മുഹമ്മദ് സൈഫുദ്ദീന്‍, മൊസഡെക്ക് ഹുസൈന്‍, ഷക്കീബ് ഉള്‍ ഹസ്സന്‍, മെഹിദി ഹസന്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹ്മാന്‍, മുഹമ്മദ് മിഥുന്‍, റുബല്‍ ഹുസൈന്‍,മുസ്തഫിസുര്‍ റഹ്മാന്‍, അബു ജെയ്ദ്.