ചാഹലിന് ആറു വിക്കറ്റ്; ഓസിസ് 230 ന് പുറത്ത്
ടോസ് നേടി ഓസിസിനെ ബാറ്റിങിനയച്ച തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളിങ് പ്രകടനം. 48.4 ഓവറിലാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ ഇന്ത്യ പുറത്താക്കിയത്.
മെല്‍ബണ്‍: യുസ്‌വേന്ദ്ര ചാഹലിന്റെ മാസ്മിരക ബൗളിങിന് മുന്നില്‍ ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഓസിസ് 230 ന് തകര്‍ന്നു.ചരിത്ര വിജയം നേടാന്‍ ഇന്ത്യക്ക് ലക്ഷ്യം 231 റണ്‍സ്. ടോസ് നേടി ഓസിസിനെ ബാറ്റിങിനയച്ച തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളിങ് പ്രകടനം. 48.4 ഓവറിലാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ ഇന്ത്യ പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമ്മി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഓസിസ് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(58) ആണ് ടോപ് സ്‌കോറര്‍. പീറ്ററെ കൂടാതെ ഷോണ്‍ മാര്‍ഷ്(39), ഉസ്മാന്‍ ഖ്വാജ(34) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ആദ്യരണ്ടു മല്‍സരങ്ങളില്‍ പുറത്തിരുന്ന ചാഹല്‍ നിര്‍ണായക മല്‍സരത്തില്‍ ഫോമിലെത്തുകയായിരുന്നു. ചാഹലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ ആറുവിക്കറ്റ് നേടിയത്. ആതിഥേയരുടെ തുടക്കം തന്നെ പാളിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സുള്ളപ്പോള്‍ ഓസിസിന് ആദ്യ വിക്കറ്റ് നഷ്ടമായി. അലക്‌സ് കാറെ(5)യെ ഭുവിയുടെ പന്തില്‍ കോഹ്‌ലി ക്യാച്ചെടുക്കുകയായിരുന്നു. 14 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ഭുവിയുടെ പന്തില്‍ കുരുങ്ങുകയായിരുന്നു. ചാഹല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നേടി. ഉസ്മാന്‍ ഖ്വാജ,ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ് കോമ്പ്,മാര്‍ക്കസ് സ്‌റ്റോണിസ്, ജേ റിച്ചാര്‍ഡ്‌സണ്‍, ആദം സാപ്പ എന്നിവരുടെ വിക്കറ്റാണ് ചാഹല്‍ സ്വന്തമാക്കിയത്. ചാഹലിന്റെ കരിയറിലെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ന് സ്വന്തമാക്കിയത്. തുടക്കത്തില്‍ മഴ അല്‍പ്പനേരം മല്‍സരം തടസ്സപ്പെടുത്തിയിരുന്നു.