യൂനിവേഴ്‌സല്‍ ബോസിന് ട്വന്റി-20യില്‍ 1000 സിക്‌സര്‍
993 സിക്‌സറുകള്‍ എന്ന റെക്കോഡുമായാണ് താരം ഇന്ന് കളിക്കാനിറങ്ങിയത്.
അബൂദാബി: ട്വന്റി-20 ക്രിക്കറ്റില്‍ 1000 സിക്‌സര്‍ എന്ന അപൂര്‍വ്വ റെക്കോഡുമായി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. കുട്ടിക്രിക്കറ്റില്‍ ഇന്ന് വരെ ആരും നേടാത്ത റെക്കോഡ് നേടിയത് ഐ പി എല്ലില്‍ രാജസ്ഥാനെതിരെയാണ്. റോയല്‍സിനെതിരായ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി മൂന്നാമത് ഇറങ്ങിയാണ് വെസ്റ്റ്ഇന്‍ഡീസ് താരം റെക്കോഡ് കരസ്ഥമാക്കിയത്. സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് ഗെയ്ല്‍ പുറത്തായത്. ട്വന്റിയില്‍ 993 സിക്‌സറുകള്‍ എന്ന റെക്കോഡുമായാണ് താരം ഇന്ന് കളിക്കാനിറങ്ങിയത്. ഇന്ന് എട്ട് സിക്‌സറുകള്‍ കൂടി നേടി 1001 സിക്‌സറുകള്‍ ഗെയ്ല്‍ സ്വന്തം പേരിലാക്കി. 63 പന്തില്‍ നിന്നാണ് ഗെയ്ല്‍ 99 റണ്‍സെടുത്തത്. ഐ പി എല്ലിലെ തന്റെ ഏഴാം സെഞ്ചുറി ഗെയ്‌ലിന് നഷ്ടമായെങ്കിലും കുട്ടിക്രിക്കറ്റിലെ തമ്പുരാന്‍ താന്‍ തന്നെയെന്ന് ഗെയ്ല്‍ വീണ്ടും തെളിയിച്ചു. സിക്‌സര്‍ വേട്ടക്കാരില്‍ ഈ സീസണില്‍ ഗെയ്ല്‍ രണ്ടാമതാണ്. ഫിറ്റ്‌നസ് കാരണം താരം ആദ്യ ഏഴ് മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. ലോക ക്രിക്കറ്റില്‍ സിക്‌സര്‍ വേട്ടയില്‍ സഹതാരം കറെന്‍ പൊള്ളാര്‍ഡാണ് (മുംബൈ ഇന്ത്യന്‍സ് )ഗെയ്‌ലിന് പിന്നിലുള്ളത്.