വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം; ക്രിസ് ഗെയ്ല്‍
വീണ്ടും ഇടവേളയ്ക്ക് ശേഷമാണ് ഗെയ്‌ലിനെ ടീമിലുള്‍പ്പെടുത്തിയത്.
ദുബയ്: ലോകക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനം കൊണ്ട് ശ്രദ്ധേയമായ താരമാണ് യൂനിവേഴ്‌സല്‍ ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്ല്‍. 42കാരനായ വെസ്റ്റ്ഇന്‍ഡീസ് താരം നേടാത്ത റെക്കോഡുകളും ഇല്ല. എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ വിന്‍ഡീസിനും ക്രിസ് ഗെയ്‌ലിനും ഈ ലോകകപ്പ് അത്ര മികച്ചതല്ല.ഒരു ജയം മാത്രമുള്ള അവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മുമ്പ് ടീമില്‍ നിന്നും വിരമിച്ച ഗെയ്ല്‍ രണ്ട് വര്‍ഷം മുമ്പ് വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീണ്ടും ഇടവേളയ്ക്ക് ശേഷമാണ് ഗെയ്‌ലിനെ ടീമിലുള്‍പ്പെടുത്തിയത്.
ഗെയ്‌ലിന്റെ അവസാന ലോകകപ്പ് ആയിരിക്കും ഇതെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ അവസാന മല്‍സരത്തില്‍ ഗെയ്ല്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ ഏവരും താരത്തിന് ഗാഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു. 15 റണ്‍സെടുത്ത് പുറത്തായ താരം ക്രീസ് വിടുമ്പോള്‍ ബാറ്റ് ഉയര്‍ത്തിയാണ് മടങ്ങിയത്. പിന്നീട് ബൗള്‍ ചെയ്യാനിറങ്ങി ഒരു വിക്കറ്റും ഗെയ്ല്‍ നേടിയിരുന്നു. പുറത്താക്കിയ മിച്ചല്‍ മാര്‍ഷിനെ താരം കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മല്‍സരത്തിന് ശേഷമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഗെയ്‌ലിന്റെ പ്രസ്താവന വന്നത്. താന്‍ വിരമിച്ചിട്ടില്ലെന്നും ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം ഉണ്ടെന്നും ഗെയ്ല്‍ അറിയിച്ചു. ടീം അനുവദിക്കുകയാണെങ്കില്‍ ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് ഗെയ്ല്‍ തമാശ രൂപേണ പറഞ്ഞു. തന്റെ വിരമിക്കല്‍ ജന്‍മാടായ ജമൈക്കല്‍ നടക്കുന്ന മല്‍സരത്തില്‍ ആവണമെന്നാണ് ആഗ്രഹമെന്നും ഗെയ്ല്‍ വ്യക്തമാക്കി. മറ്റൊരു സീനിയര്‍ താരമായ ബ്രാവോ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.