ഹൈദരാബാദ്: ഇന്ത്യയില്‍ നിന്നു താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന സമയത്താണ് താന്‍ അധിക്ഷേപിക്കപ്പെട്ടതെന്ന് സമി പറഞ്ഞു. എന്നാല്‍ അന്ന് താന്‍ അതേക്കുറിച്ച് ബോധവാനായിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ അതിനെക്കുറിച്ച് അറിഞ്ഞത്. ഹൈദരാബാദില്‍ കളിക്കുമ്പോള്‍ കാണികള്‍ തന്നെ കാലു എന്ന് വിളിച്ചിരുന്നു. ശ്രീലങ്കന്‍ താരം തിസരാ പെരേരയെയും കാണികള്‍ ഇത്തരത്തില്‍ വിളിച്ചിരുന്നുവെന്നും സമി പറയുന്നു.
എന്നാല്‍ കാലുവിന്റെ അര്‍ത്ഥം കരുത്തര്‍ എന്നാണെന്നാണ് താന്‍ കരുതിയത്. പിന്നീടാണ് അത് ആളുകളെ ഇകഴ്ത്തി പറയുന്ന വാക്കാണെന്ന് അറിഞ്ഞത്. സംഭവത്തില്‍ സമി ബിസിസിഐയോടും ഐസിസിയോടും വംശീയാധിക്ഷേപത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് കാംപയിനില്‍ പങ്കാളിയായാണ് സമി പ്രതികരിച്ചത്.