മഴ: ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരം ഉപേക്ഷിച്ചു

Update: 2019-06-13 19:43 GMT

നോട്ടിങ്ഹാം: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മല്‍സരവും മഴമൂലം ഉപേക്ഷിച്ചതോടെ മഴക്കളിയില്‍ ഇംഗ്ലീഷ് ലോകകപ്പ് പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനമുരുകിയുള്ള പ്രാര്‍ഥനയ്ക്കു മേല്‍ മുഖംതിരിച്ചു മഴ തിമിര്‍ത്തു പെയ്തപ്പോള്‍ ടോസ് പോലും ഇടാന്‍ സാധിക്കാതെയാണ് മല്‍സരം ഉപേക്ഷിച്ചത്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംമ്പയര്‍മാര്‍ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും ഒരോ പോയിന്റ് പങ്കുവച്ചു.

ഈ ലോകകപ്പില്‍ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിര്‍ത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലന്‍ഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യ മൂന്നു കളികളില്‍നിന്ന് അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി

ഇതോടെ ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മല്‍സരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മല്‍സരം ഉപേക്ഷിച്ചപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന റെക്കോഡ് ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്ക-പാകിസ്താന്‍, ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മല്‍സരങ്ങളാണ് ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ട മറ്റു മല്‍സരങ്ങള്‍.

Tags:    

Similar News