ഏഴ് ഇരട്ടശതകം, 7000 റണ്‍സ്; റെക്കോഡുകള്‍ വാരിക്കൂട്ടി കോഹ്‌ലി
പൂനെയില്‍ നടക്കുന്ന മല്‍സരത്തിന്റെ രണ്ടാംദിനം ക്യാപ്റ്റന്‍ ഇരട്ടസെഞ്ചുറി നേടിയതോടെയാണ് താരത്തെ തേടി റെക്കോഡുകള്‍ വന്നെത്തിയത്. ടെസ്റ്റില്‍ ഏഴ് ഇരട്ടശതകം നേടുന്ന ഏക ഇന്ത്യക്കാരനെന്ന നേട്ടം ഇന്ന് കോഹ്‌ലിക്ക് സ്വന്തമായി. കൂടാതെ ടെസ്റ്റില്‍ അതിവേഗം 7,000 റണ്‍സ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‌ലിക്ക് അര്‍ഹമായി.
പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് റെക്കോഡുകളുടെ പെരുമഴ. പൂനെയില്‍ നടക്കുന്ന മല്‍സരത്തിന്റെ രണ്ടാംദിനം ക്യാപ്റ്റന്‍ ഇരട്ടസെഞ്ചുറി നേടിയതോടെയാണ് താരത്തെ തേടി റെക്കോഡുകള്‍ വന്നെത്തിയത്. ടെസ്റ്റില്‍ ഏഴ് ഇരട്ടശതകം നേടുന്ന ഏക ഇന്ത്യക്കാരനെന്ന നേട്ടം ഇന്ന് കോഹ്‌ലിക്ക് സ്വന്തമായി. കൂടാതെ ടെസ്റ്റില്‍ അതിവേഗം 7,000 റണ്‍സ് നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‌ലിക്ക് അര്‍ഹമായി. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ തവണ 150ന് മുകളില്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും കോഹ്‌ലി കരസ്ഥമാക്കി. ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രാഡ്മാന്റെ റെക്കോഡാണ് കോഹ്‌ലി തകര്‍ത്തത്. എട്ടുതവണയാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്.
കോഹ്‌ലി(9) ഇന്ന് 150ന് മുകളില്‍ സ്‌കോര്‍ ചെയ്തതോടെയാണ് ബ്രാഡ്മാന്റെ റെക്കോഡും തകര്‍ത്തത്. നായകനായി 40 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ക്യാപ്റ്റന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 19 സെഞ്ചുറിയും ഏകദിനത്തില്‍ 21 സെഞ്ചുറികളുമാണ് നായകനായി കോഹ്‌ലി നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റനായി ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡും നിലവില്‍ കോഹ്‌ലിക്ക് സ്വന്തമാണ്. ആദ്യ ഇന്നിങ്‌സില്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് പോകാതെ താരം 254 റണ്‍സ് എടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 601ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. 91 റണ്‍സ് എടുത്തുനില്‍ക്കെ ജഡേജ പുറത്താവുകയായിരുന്നു. തുടര്‍ന്ന് കോഹ്‌ലി മല്‍സരം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. പൂജാരെ 58 ഉം രഹാനെ 59 ഉം റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകി. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്.