ട്വന്റിയില്‍ കരീബിയന്‍സിനെ തൂത്തുവാരി ഇന്ത്യ; ജയം 17 റണ്‍സിന്
ദീപക് ചാഹര്‍, വെങ്കിടേഷ് അയ്യര്‍, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
കൊല്‍ക്കത്ത: ഏകദിന പരമ്പര നേട്ടത്തിന് ശേഷം വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയും ഇന്ത്യ തൂത്തുവാരി . ഈഡനില്‍ നടന്ന അവസാന മല്‍സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 185 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
കഴിഞ്ഞ മല്‍സരത്തിലും പൊരുതി നിന്ന നിക്കോളസ് പൂരന്‍ തന്നെയായിരുന്നു കരീബിയന്‍സിനായി നിലയുറപ്പിച്ചത്. പൂരന്‍ 47 പന്തില്‍ 61 റണ്‍സെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ ദീപക് ചാഹര്‍, വെങ്കിടേഷ് അയ്യര്‍, ശ്രാദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് ലഭിച്ച സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 93 എന്ന നിലയില്‍ തകരുകയായിരുന്ന ഇന്ത്യയെ രക്ഷിച്ചത് സൂര്യകുമാര്‍ യാദവും വെങ്കിടേഷ് അയ്യരും ചേര്‍ന്നാണ്. 31 പന്തിലാണ് സൂര്യകുമാര്‍ യാദവ് 65 റണ്‍സ് നേടിയത്.ഏഴ് സിക്സാണ് താരം പറത്തിയത്. 19 പന്തിലാണ് വെങ്കിടേഷ് അയ്യര്‍ പുറത്താവാതെ 35 റണ്‍സ് നേടിയത്. ഓപ്പണിങില്‍ ഇറങ്ങിയ ഗെയ്ക്ക്വാദ് നാല് റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ 34 ഉം ശ്രേയസ് അയ്യര്‍ 25 ഉം റണ്‍സെടുത്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏഴ് റണ്‍സെടുത്ത് പുറത്തായി.