കൊല്‍ക്കത്ത സൂപ്പര്‍; പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മുക്കി; രാജസ്ഥാന്‍ നാണംകെട്ടു
86 റണ്‍സിന്റെ വന്‍ മാര്‍ജിനിലുള്ള ജയമാണ് ഇന്ന് നേടിയത്.
ദുബയ്: ഐപിഎല്ലില്‍ ഇത്തവണ എല്ലാ ടീമുകളെയും ഞെട്ടിച്ച കൊല്‍ക്കത്ത അവസാന മല്‍സരത്തില്‍ രാജസ്ഥാനെയും തൂത്തുവാരി. പ്ലേ ഓഫിന് അരികെ നില്‍ക്കുന്ന കൊല്‍ക്കത്ത 86 റണ്‍സിന്റെ വന്‍ മാര്‍ജിനിലുള്ള ജയമാണ് ഇന്ന് നേടിയത്. ജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങളാണ് നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഇല്ലാതാക്കിയത്. ഇന്ന് ചെന്നൈയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചിട്ടും പഞ്ചാബിന് പുറത്തേക്കുള്ള വഴിയൊരുക്കിയത് ഈ സീസണിലെ അട്ടിമറി വീരന്‍മാരായ കൊല്‍ക്കത്തയാണ്. നാളെ നടക്കുന്ന മുംബൈ-ഹൈദരാബാദ് മല്‍സരത്തില്‍ മുംബൈ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിക്കും.
172 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു റോയല്‍സിന് മുന്നിലുള്ളത്.എന്നാല്‍ തുടക്കം മുതലെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചിരുന്നു. രാഹുല്‍ തേവാട്ടിയ(36 പന്തില്‍ 44)മാത്രമാണ് ഇന്ന് പിങ്ക് സിറ്റിക്കാര്‍ക്കു വേണ്ടി പൊരുതിയത്. ശിവം ഡുംബേ 18 റണ്‍സെടുത്തത് ഒഴിച്ചാല്‍ ഒരു താരത്തിനും രണ്ടക്കം കടക്കാന്‍ സാധിച്ചിട്ടില്ല. സഞ്ജു ഒരു റണ്ണെടുത്തു പുറത്തായി. ശിവം മാവി നാല് വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റെടുത്തും നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങി. 16.1 ഓവറില്‍ 85 റണ്‍സിന് രാജസ്ഥാന്‍ പുറത്താവുകയായിരുന്നു.
നേരത്തെ ടോസ് ലഭിച്ച സഞ്ജു കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍(54), അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ വെങ്കിടേഷ് അയ്യര്‍ 38 റണ്‍സ് എടുത്തു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. നിതേഷ് റാണ 12 ഉം ത്രിപാഠി 21 ഉം ദിനേശ് കാര്‍ത്തിക്ക് 14* ഉം റണ്‍സെടുത്തു. മോര്‍ഗന്‍ 13 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.