ചെന്നൈ സൂപ്പറാ; ടോപ് വണ്ണില്‍; ആര്‍സിബിക്ക് രണ്ടാം തോല്‍വി
ഋതുരാജ് ഗെയ്ക്ക്‌വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.50 പന്തിലാണ് ദേവ്ദത്ത് ആര്‍സിബിയ്ക്കായി 70 റണ്‍സ് നേടിയത്.
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മല്‍സരത്തിലും തോറ്റ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തകര്‍ത്തത്. 157 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സിഎസ്‌കെ 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഋതുരാജ് ഗെയ്ക്ക്‌വാദ് (38) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഫഫ് ഡു പ്ലിസ്സിസ്(31), അമ്പാട്ടി റായിഡു (32),മോയിന്‍ അലി (23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ജയം ചെന്നൈക്കൊപ്പം നിന്നു.സുരേഷ് റെയ്‌ന(17), ധോണി (11) എന്നിവരാണ് അവസാന ഓവറുകളില്‍ ചെന്നൈക്കായി നിലയുറപ്പിച്ചത്.
ടോസ് ലഭിച്ച ചെന്നൈ ആര്‍സിബിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും കോഹ്‌ലിയും ബാംഗ്ലൂരിനായി മികച്ച തുടക്കമാണ് നല്‍കിയത്. 50 പന്തിലാണ് ദേവ്ദത്ത് 70 റണ്‍സ് നേടിയത്. 41 പന്ത് നേരിട്ട ക്യാപ്റ്റന്‍ 53 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം എത്തിയവര്‍ക്ക് ഫോം കണ്ടെത്താനായില്ല. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂര്‍ 156 റണ്‍സ് നേടിയത്.
ബ്രാവോ സിഎസ്‌കെയ്ക്കായി മൂന്നും ശ്രാദ്ദുല്‍ ഠാക്കൂര്‍ രണ്ടും വിക്കറ്റ് നേടി. ആര്‍സിബി നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.